പീച്ചിയിലെ ഭൂകന്പ നിരീക്ഷണകേന്ദ്രം കാടുപിടിച്ച നിലയിൽ.
തൃശൂർ: മധ്യകേരളത്തിലെ ഏക ഭൂകന്പ നിരീക്ഷണ കേന്ദ്രമായ പീച്ചിയിലെ കെട്ടിടം പൂട്ടിയിട്ടു നാലു വർഷം. പീച്ചി കെഎഫ്ആർഐ വളപ്പിൽ പ്രവർത്തിച്ച കേന്ദ്രമാണു പൂട്ടിയത്. ഭൂചലനത്തിന്റെ തീവ്രതയും പ്രഭവകേന്ദ്രവുമറിയാൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് സ്ഥാപിച്ചതാണു പീച്ചിയിലെ നിരീക്ഷണ കേന്ദ്രം.
ഇവിടെനിന്ന് ലഭിക്കുന്ന തത്സമയ കണക്കുകൾ തിരുവനന്തപുരം, ഹൈദരാബാദ് കേന്ദ്രങ്ങളിലേക്കു കൈമാറിയിരുന്നു. ശാസ്ത്രജ്ഞൻ വിരമിച്ചതോടെ പകരം നിയമനം നടന്നില്ല. പ്രവർത്തനവും നിലച്ചു. തിങ്കളാഴ്ചയും ബുധനാഴ്ച രണ്ടുവട്ടവും മുഴക്കവും വിറയലുമുണ്ടായെങ്കിലും തൊട്ടടുത്തുള്ള നിരീക്ഷണകേന്ദ്രം പ്രവർത്തിക്കാത്തതിനാൽ വിവരങ്ങൾ ലഭിച്ചില്ല. മുന്പ് നാട്ടുകാർക്കും വിവരമന്വേഷിക്കാൻ കഴിഞ്ഞിരുന്നു.
തിരുവനന്തപുരത്തെ കേന്ദ്രത്തിൽനിന്നാണ് ചെറിയ ഭൂചലനങ്ങൾ നിരീക്ഷിക്കുന്നത്. അതു കൃത്യമല്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു. ജനവാസ മേഖലയോട് ചേർന്നുകിക്കുന്ന പീച്ചി ഡാം മേഖലയിൽ ഭൂചലന സാധ്യത കൂടുതലുള്ളതിനാൽ ഈ നിരീക്ഷണ കേന്ദ്രം ഉടൻ പുന:രാരംഭിക്കണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham earthquake