ചേലക്കര യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുമോദനസദസ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു.
ചേലക്കര: പൊക്കിൾകൊടിബന്ധമാണ് ചേലക്കരയുമായി തനിക്കുള്ളതെന്നും ചേലക്കരയിലെ ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് തന്നെ വളർത്തിയതെന്നും മന്ത്രി കെ.എ. തുളസി പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രൗഡ് ചേലക്കര അനുമോദനസദസ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സദസിൽ ചേലക്കരയിലെ വിശിഷ്ട വ്യക്തിത്വങ്ങളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഖിലാഷ് പാഞ്ഞാൾ അധ്യക്ഷതവഹിച്ചു. ചേലക്കര നിയോജകമണ്ഡലത്തിലെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാവാനും വിദ്യാർഥി, യുവജനങ്ങൾക്ക് കരുതൽനൽകാനും നിയോജകമണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന സ്മാർട്ട് ചേലക്കര പദ്ധതിയുടെ ഉദ്ഘാടനം മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശിവൻ വീട്ടിക്കുന്ന് നിർവഹിച്ചു.
കോർപറേറ്റ് ട്രെയിനർ സുൽഫിക്കർ അലി വിദ്യാർഥികൾക്ക് ക്ലാസ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഫീഖ് പാറപ്പുറം, മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ടി. നിർമല, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ, ടി.എം. കൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോണി മണിച്ചിറ, ടി.എ. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി.
Tags : Nattuvishesham District News