പ്രതീകാത്മക ചിത്രം
ചെങ്ങന്നൂരിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ
പക്ഷപാതമെന്ന് ആരോപണം
ചെങ്ങന്നൂർ: പാതയോരങ്ങളിലെ അനധികൃത കൈയേറ്റങ്ങളും ബോർഡുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ പേരിൽ ചെങ്ങന്നൂർ നഗരസഭയിൽ നഗ്നമായ പക്ഷപാതിത്വം നടക്കുന്നതായി ആരോപണം. വിധി നടപ്പാക്കിയെന്ന് വരുത്തിതീർക്കാൻ ചിലരെ മാത്രം തെരഞ്ഞുപിടിച്ച് ബലമായി ഒഴിപ്പിച്ച ഉദ്യോഗസ്ഥർ, തല്പരകക്ഷികളുടെ കൈയേറ്റങ്ങൾക്ക് നേരേ കണ്ണടയ്ക്കുന്നതായാണ് നഗരസഭയ്ക്കെതിരെ ആക്ഷേപം ശക്തമാകുന്നത്.
കഴിഞ്ഞ ദിവസം പുത്തൻവീട്ടുപടിക്ക് സമീപം വഴിയോരക്കച്ചവടം നടത്തിവന്നിരുന്ന പത്രവിതരണക്കാരൻ വർഗീസ് ജോർജിന്റെ (റോയി) കട നഗരസഭാ ഉദ്യോഗസ്ഥർ ബലമായി നീക്കം ചെയ്തിരുന്നു. എന്നാൽ ഇതിന് തൊട്ടടുത്ത് സമാനരീതിയിൽ പ്രവർത്തിക്കുന്ന മറ്റ് കടകൾക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചില്ല.
നഗരത്തിൽ പല സ്ഥലങ്ങളിലും ബോർഡുകളും കൈയേറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ചിലരെ മനഃപൂർവമായി അതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അത്തരം നടപടി ശരിയല്ലെന്നും കൗൺസിലർമാർ ആരോപിച്ചു. ചുരുക്കം ചിലരെ ഒഴിപ്പിക്കലിൽ നിന്നും പിഴയിൽ നിന്നും ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാണ് ഉയർന്ന ആവശ്യം.
ഒഴിപ്പിക്കാൻ ചെന്ന ഉദ്യോഗസ്ഥർ അവിടെനിന്ന് ബോർഡുകൾ മാറ്റാം എന്ന് ഉറപ്പുനൽകിയവർക്ക് അതിനുള്ള സമയം നൽകാതെ, വിലപിടിപ്പുള്ള ബോർഡുകളും മറ്റു സാധന സാമഗ്രികളും നശിപ്പിച്ചാണ് നീക്കം ചെയ്തത്. ബോർഡുകൾ മാറ്റാൻ തയാറായിട്ടുള്ളവർക്ക് അതിന് നിശ്ചിത സമയം അനുവദിക്കേണ്ട മര്യാദ കാട്ടേണ്ടതായിരുന്നു. അതിന് അനുവദിക്കാതെ അത് നശിപ്പിച്ച് നീക്കം ചെയ്യുകയും അതിന് ഫൈൻ ഈടാക്കുകയും, അതേസമയം മറ്റ് കൈയേറ്റങ്ങളിൽ പലതും ഒഴിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് തെറ്റായ നടപടിയാണെന്ന് കൗൺസിലർമാരായ ഷിബു രാജൻ, വരുൺമട്ടയ്ക്കൽ, ഗോപു പുത്തൻമഠത്തിൽ എന്നിവർ ചൂണ്ടിക്കാട്ടി.
നഗരസഭാ കൗൺസിലിൽ ഉദ്യോഗസ്ഥരോട് ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെ കൗൺസിൽ യോഗത്തിൽ വലിയ ബഹളവും പ്രതിഷേധവും അരങ്ങേറി. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതലും വിധി നടപ്പാക്കുന്നതിലും കാട്ടുന്ന ഇരട്ടത്താപ്പും പക്ഷപാതിത്വവും ഉടനടി അവസാനിപ്പിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews High Court