പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം സെൻട്രൽ സഹോദയ സിബിഎസ്ഇ സ്കൂൾ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്ക് ഇന്നുമുതൽ ഊരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ തുടക്കം. ജില്ലയിലെ 85 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി ആറായിരം കലാപ്രതിഭകളാണ് കലോത്സവത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലോത്സവത്തിന്റെ ഭാഗമായുള്ള ലിറ്റററി, വ്യക്തിഗത മത്സരങ്ങൾ നാല് മേഖലകളിലായി ഇതിനകം പൂർത്തിയായി. ഊരകം സെന്റ് അൽഫോൻസ സ്കൂളിൽ ഇതാദ്യമായാണ് ജില്ലാ സിബിഎസ്ഇ കലോത്സവം നടക്കുന്നത്.
സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന കലോത്സവത്തിൽ ഇനിയുള്ള രണ്ട് ദിവസങ്ങളിൽ ആറ് വേദികളിലായാണ് മത്സരം നടക്കുക. ഇന്ന് രാവിലെ 8.30 ന് മത്സരങ്ങൾ ആരംഭിക്കും. 11ന് മേളയുടെ ഉദ്ഘാടനം വി.എസ്. ജോയ് എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി മുഖ്യാതിഥിയായിരിക്കും. തുടർന്ന് മാർഗംകളി, ദഫ്മുട്ട്, കോൽക്കളി, സംഘനൃത്തം, ഭരതനാട്യം, നാടോടി നൃത്തം, തബല, ഫ്ളൂട്ട്, വയലിൻ, ആംഗറിംഗ്, മൃദംഗം, നാടൻപാട്ട്, സംഘഗാനം എന്നിവ നടക്കും.
നാളെ വെസ്റ്റേണ്‍ കണ്‍സേർട്ട്, തിരുവാതിരക്കളി, ഒപ്പന, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, മൂകാഭിനയം, ഇംഗ്ലീഷ് നാടകം, ദേശീയഗാനം എന്നീ മത്സരങ്ങളും അരങ്ങേറും. പ്രൈമറി തലം മുതൽ സീനിയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ മുഖ്യരക്ഷാധികാരി താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, രക്ഷാധികാരിയായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, അൽഫോൻസ പബ്ലിക് ചെയർമാൻ ഷവലിയാർ ഡേവിസ് ഇടക്കുളത്തൂർ, ചീഫ് എക്സിക്യുട്ടീവ് മാനേജർ ഫാ. ജോർജ് മുണ്ടനാട്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ ചെന്പുകണ്ടത്തിൽ എന്നിവർ നേതൃത്വം നൽകുന്നു.
വാർത്താ സമ്മേളനത്തിൽ മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ, സഹോദയ ഫിനാൻസ് സെക്രട്ടറി മനോജ് വി. മാത്യു, ജനറൽ കണ്‍വീനറും സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാ.ഡോ. തോമസ് ജോസഫ്, സ്കൂൾ മാനേർ ഫാ. ജോർജ് വെള്ളാരം കാലയിൽ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews