പെരിന്തൽമണ്ണ: ഷോറൂമിൽനിന്നിറക്കിയ വാഹനം രജിസ്റ്റർ ചെയ്യാതെ വ്യാജനന്പർ പ്ലേറ്റ് ഉപയോഗിച്ച് ഓടിച്ച കേസിൽ പ്രതിക്ക് തടവും പിഴയും.
കൊണ്ടോട്ടി നെടിയിരിപ്പ് മേൽക്കറ്റ് അബ്ദുൾ ലത്തീഫിനെയാ (51)ണ് മൂന്നു മാസം തടവിനും പതിനായിരം രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധികതടവ് അനുഭവിക്കണം. പെരിന്തൽമണ്ണ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിനീത വി.പൈ. ആണ് ശിക്ഷ വിധിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് വാഹനം പിടികൂടിയത്.
അനേഷണത്തിൽ പ്രതി 2011ൽ വാങ്ങിയ വാഹനത്തിന് 2018 ആയിട്ടും രജിസ്ട്രേഷൻ നടത്താതെ വ്യാജ നന്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുകയാണെന്നു കണ്ടെത്തി. തുടർന്നാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ. നവാബ് ഖാൻ ഹാജരായി.
Tags : Nattuvishesham DistrictNews DeepikaNews Imprisonment