പെരുമ്പടവ്: പറവൂർ ക്ഷീരോത്പാദക സംഘം കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ മുടേങ്ങയിൽ ആരംഭിച്ച ജൈവവള നിർമാണ യൂണിറ്റ് ഉദ്ഘാടനവും മികച്ച ക്ഷീരകർഷകനുള്ള വളപ്പൻ ചിണ്ടൻ സ്മാരക ക്ഷീര കർഷകോത്തമ പുരസ്കാര സമർപ്പണവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷീര കർഷകോത്തമ പുരസ്കാരം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് കരയപ്പത്ത് നാരായണിക്ക് സമ്മാനിച്ചു.
ക്ഷീര കർഷകരിൽ നിന്ന് ശേഖരിക്കുന്ന ചാണകം ഡ്രയറുപയോഗിച്ച് ജലാംശം ഒഴിവാക്കി വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡർമ എന്നിവ ചേർത്ത് ബൊക്കാഷി ടെക്നോളജിയിലൂടെ സൂക്ഷ്മമൂലക സന്പന്നമായ ജൈവവളമാക്കുന്ന യൂണിറ്റാണ് പ്രവർത്തനമാരംഭിച്ചത്. ഒരു ക്ഷീര സംഘത്തിന്റെ കീഴിൽ ജില്ലയിലാദ്യമായി സ്ഥാപിതമാകുന്ന ജൈവവള നിർമാണ യൂണിറ്റാണിത്.
പ്രതിദിനം അഞ്ചു ക്വിന്റൽ ചാണകം സംസ്കരിക്കാനുള്ള ശേഷിയുള്ളതാണ് ഡ്രയർ യൂണിറ്റ്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ മുഴുവൻ ക്ഷീരകർഷകരിൽ നിന്നും ചാണകം ശേഖരിച്ചാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. അതു കൊണ്ടു തന്നെ ക്ഷീരകർഷകർക്ക് മികച്ച വരുമാനവും ഉറപ്പാക്കാനാകും.
കണ്ണൂർ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആർ. രശ്മി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ രജനി മോഹൻ ആദ്യവില്പന നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. രവീന്ദ്രൻ, കണ്ണൂർ ക്വാളിറ്റി കൺട്രോൾ ഓഫീസർ എം.കെ. സ്മിത, പഞ്ചായത്തംഗം എം. നിഷ, തളിപ്പറമ്പ് ക്ഷീര വികസന ഓഫീസർ പി.വി. ബീന, കൃഷി ഓഫീസർ കെ. ദീപ, മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് കെ. പദ്മനാഭൻ, പി.പി. പ്രകാശൻ, പി.പി. നാരായണൻ, കെ. ഭാസ്കരൻ,ടി.പി. ശ്രീജ, ക്ഷീരസംഘം പ്രസിഡന്റ് പി. നാരായണൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News