ഭക്ഷ്യവസ്തുക്കൾ കടത്തിയ സംഭവത്തിൽ പരാതിയെ തുടർന്ന് റേഷനിംഗ് ഉദ്യോഗസ്ഥർ റേഷൻ കടയിൽ പരിശോധന നടത്തുന്നു.
പള്ളുരുത്തി: പള്ളുരുത്തി പെരുമ്പടപ്പില്‍ റേഷന്‍കടയില്‍ നിന്ന് ഗോതമ്പ്, അരി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ റേഷന്‍ കട സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടി ഉണ്ടാകുമെന്നു പരിശോധനക്കെത്തിയ റേഷനിംഗ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടയിലെ സ്റ്റോക്കില്‍ കുറവുള്ളതായി പരിശോധനയില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് നാളെ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവധിയായ ഗാന്ധിജയന്തി ദിനത്തിലാണ് പെരുമ്പടപ്പിലെ എആര്‍ഡി 118ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കടത്തിയത്. ബൈക്ക്, സ്കൂട്ടര്‍, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളിലാണ് കടയില്‍ നിന്ന് സാധനങ്ങള്‍ കടത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കാട്ടിശേരി വീട്ടില്‍ ജോര്‍ജ് ലോറന്‍സ് എന്നയാളുടെ പേരിലുള്ളതാണ് റേഷന്‍കട. അരി കടത്തുന്നതിനിടെ വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തി. തുടര്‍ന്ന് കടത്തിയ അരി തിരികെ റേഷന്‍കടയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല. സംഭവത്തില്‍ മുന്‍ കൗണ്‍സിലര്‍ അഭിലാഷ് തോപ്പില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
Tags : NattuVishesham DistrictNews