കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പിനെ ചാക്കിലാക്കി കെട്ടിവച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നഗരസഭ. ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതായി ഹരിത കർമസേന അറിയിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
ഹരിതകർമസേനാംഗം ചാക്ക് അഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു.ഭാഗ്യം കൊണ്ടാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.ചാക്ക് കെട്ട് അട്ടി വെച്ചതിന്റെ കൂടെ ഒരു ചാക്കിൽ പെരുമ്പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി എന്നിട്ട് അതിനെ വേറൊരു ചാക്കിലാക്കി മാലിന്യചാക്കുകള്ക്കിടയില് വയ്ക്കുകയായിരുന്നു.
ചാക്കില്‍ കൂടുതല്‍ മാലിന്യങ്ങള്‍ നിറയ്ക്കാനായി കെട്ടഴിച്ചപ്പോള്‍ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് ഹരിത കര്‍മ സേനാംഗങ്ങള്‍ പറയുന്നത്. സ്ഥിരമായി ഇവിടെയാണ് വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ സേന കൊണ്ടുവന്ന് വയ്ക്കാറുള്ളത്.
കഴിഞ്ഞ ശനിയാഴ്ച ശേഖരിച്ച മാലിന്യങ്ങളിലാണ് പാമ്പിനെയും കെട്ടിവെച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സമീപത്തെ കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടപടി എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പരിശോധന തുടരുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews snake