കോട്ടയം: മൂന്നാമത് സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ ടൂർണമന്റിന് സ്പോർട്സ് കൗൺസിൽ ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയത്തിലെ ഇരട്ട ബാസ്കറ്റ്ബോൾ കോർട്ടുകളിൽ ആവേശകരമായ തുടക്കം.
ഇന്നലെ നടന്ന മത്സരങ്ങളിൽ, പുരുഷന്മാരുടെ 30പ്ലസ് വിഭാഗത്തിൽ തെബാസ്കോയെ ത്രില്ലേഴ്സ് (61-40) പരാജയപ്പെടുത്തിയപ്പോൾ, മലബാർ ഹൂപ്പേഴ്സിനെതിരേ ഫോർട്ട് സ്റ്റാർസ് ഇന്ത്യയും (55-48), ത്രില്ലേഴ്സിനെതിരെ പ്രൈം ടൈമും (30-26) വിജയം നേടി. 35 പ്ലസ് വിഭാഗത്തിൽ ശ്രീലങ്ക മാസ്റ്റേഴ്സിനെ സ്വിഷ് അക്കാദമി തിരുവനതപുരം (46-45) മറികടന്നു, കൊല്ലം ഡോക്ടേഴ്സ് വോക്കോവർ നൽകിയതിനെത്തുടർന്ന് തെബാസ്കോ വിജയിച്ചപ്പോൾ (0-20), 40 പ്ലസ് വിഭാഗത്തിൽ ശ്രീലങ്ക മാസ്റ്റേഴ്സിനെ നൈറ്റ്സ് വെറ്റ്സും (44-24), തെബാസ്കോയെ ബ്രാവ്ലേഴ്സ് ബംഗളൂരു (38-27)നും , പെന്നികുക്കിനെ കേരള കൊമ്പൻസും (49-44) പരാജയപ്പെടുത്തി.
45പ്ലസ് വിഭാഗത്തിൽ റെനോവേറ്റേഴ്സ് കോവൈ നൈറ്റ്സ് വെറ്റ്സിനെ (55-38) തകർത്തു. 50പ്ലസ് വിഭാഗത്തിൽ എംബിഎ ബംഗളൂരുവിനെതിരേ തെബാസ്കോ (40-36), വിജയം നേടി. 55പ്ലസ് വിഭാഗത്തിൽ സിസ്ലർ മൈസൂരിനെതിരേ ടിബിസി തിരുപ്പുരും (42-33) വിജയം കണ്ടു. 60പ്ലസ് വിഭാഗത്തിൽ അപ്പോളോ ബാസ്കറ്റ്ബോൾ ക്ലബ് നാഗ്പുരിനെ തെബാസ്കോ തേവര (56-25) നു പരാജയപ്പെടുത്തി. ട്രിപ്പിൾ IIIനെ എംബിഎ ബംഗളൂരുവും(28-22) പരാജയപ്പെടുത്തി.
വനിതകളുടെ 30പ്ലസ് വിഭാഗത്തിൽ മഹാരാഷ്ട്രയെ തകർത്ത് ഫീനിക്സ് ഇന്ത്യ (38-14) വിജയം സ്വന്തമാക്കി.
28 വരെ നീണ്ടുനിൽക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ, ജോർജ് ജേക്കബ് പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : International Tournament Begins Nattuvishesham Districte news