കോതമംഗലം: ഇഞ്ചൂർ കൊട്ടിളത്ത് മലയിൽ ഐടി പാർക്ക് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃ യോഗം ഷിബു തെക്കുംപുറം എംഎൽഎ യോട് ആവശ്യപ്പെട്ടു.
വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കർ കൊട്ടിളത്ത് മലയിലേക്ക് കോതമംഗലം ടൗണിൽ നിന്നും നാല് കിലോമീറ്റർ ദൂരമേയുള്ളു. പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തിൽ നിന്ന് യഥേഷ്ടം ഗതാഗത സൗകര്യമുള്ള ജൂനിയർ ടെക്നിക്കൽ സ്കൂളിന് സമീപമുള്ള സ്ഥലമാണിത്. കോതമംഗലം നിയോജക മണ്ഡലത്തിൽ എംഎൽഎ യുടെ നേതൃത്വത്തിൽ വലിയ വികസന മുന്നേറ്റത്തിന് തുടക്കം കുറിച്ച സാഹചര്യത്തിൽ ചെറുപ്പക്കാരായ ഉദ്യോഗാർഥികൾക്കും, സംരംഭകർക്കും വലിയ പ്രതീക്ഷയാണ് ഐടി പാർക്ക് പ്രഖ്യാപനത്തിൽ ഉണ്ടായിട്ടുള്ളത്.
കേരള കോൺഗ്രസ് മണ്ഡലം നേതൃത്വം ഇത് സംബന്ധിച്ച് നിവേദനം നൽകി. ഷിബു തെക്കുംപുറം എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോസി പോൾ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എ. റ്റി.പൗലോസ്, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ജോമി തെക്കേക്കര, റോയി സ്കറിയ, ജില്ല ജനറൽ സെക്രട്ടറി മാരായ കെ.എം.ആന്റണി, കെ.എം.എൽദോസ്,നേതാക്കളായ ജോണി പുളിന്തടം, സി.എ.കുര്യൻ, പി .പി.കുട്ടൻ,എ.ജെ.സ്റ്റീഫൻ,ഡൊമനിക് സാവിയോ, എൻ.സി.യോഹനാൻ , ജോർജ് ഐസക് ,ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews IT Park