പയ്യന്നൂർ റെയിൽവേ സ്റ്റേഷനു മുൻവശത്തെ ജുജു എക്സ്പ്രസ് കോച്ച് റസ്റ്ററന്റ്.
കാഞ്ഞങ്ങാട്: യാത്രാവണ്ടികളൊന്നും നീട്ടുന്നില്ലെങ്കിലും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ കോച്ച് റസ്റ്ററന്റായ ജുജു എക്സ്പ്രസ് കാസർഗോഡ് കൂടി തുടങ്ങാൻ തീരുമാനം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കൂടി കോച്ച് റസ്റ്ററന്റ് തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും തൊട്ടടുത്തുള്ള മത്സ്യമാർക്കറ്റിൽ നിന്നുള്ള മലിനജലവും ദുർഗന്ധവും മൂലം കരാറുകാർ താത്പര്യക്കുറവ് അറിയിച്ചതായാണ് സൂചന.
സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാണ് പയ്യന്നൂർ സ്റ്റേഷനു സമീപം നിർത്തിയിട്ട പഴയ ട്രെയിൻ കോച്ചിൽ റസ്റ്ററന്റ് തുടങ്ങിയത്. ഇതിനായി സ്റ്റേഷനു മുൻവശത്ത് പ്രത്യേകമായി ചെറിയൊരു റെയിൽവേ ലൈനും പ്ലാറ്റ്ഫോമുമടക്കം നിർമിച്ചിട്ടുണ്ട്. മംഗളൂരുവിൽനിന്ന് പഴയൊരു ത്രീടയർ എസി ട്രെയിൻ കോച്ച് ഇവിടെയെത്തിച്ച് പെയിന്റ് ചെയ്ത് മനോഹരമാക്കി അകത്ത് പുതിയ ഇരിപ്പിടങ്ങളും വാഷ് ബേസിനുകളും മറ്റു അനുബന്ധസൗകര്യങ്ങളുമെല്ലാം ഒരുക്കിയാണ് റസ്റ്ററന്റ് ആരംഭിച്ചത്.
റസ്റ്ററന്റ് നടത്തിപ്പിനു കരാർ ഏറ്റെടുത്ത പയ്യന്നൂരിലെ ജുജു ഇന്റർനാഷണൽ ഹോട്ടൽ അധികൃതരാണ് ഇതിനു ജുജു എക്സ്പ്രസ് എന്ന പേരിട്ടത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലിൽ ഇന്ത്യൻ, ചൈനീസ് വിഭവങ്ങളും ലഘുഭക്ഷണങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. കോച്ചിനുള്ളിൽ പരമാവധി 50 പേർക്കും പുറത്തെ പ്ലാറ്റ്ഫോമിൽ അതിലേറെ പേർക്കും ഇരുന്ന് ഭക്ഷണം കഴിക്കാം.
പ്രവർത്തനമാരംഭിച്ച് ആഴ്ചകൾക്കുള്ളിൽ ഈ സംരംഭം സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാനത്തെങ്ങും ഹിറ്റായതോടെയാണ് മറ്റു സ്റ്റേഷനുകളിലും പദ്ധതി ആരംഭിക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്.
പയ്യന്നൂരിൽ കരാർ ഏറ്റെടുത്ത ജുജു ഗ്രൂപ്പിനു തന്നെയാണ് കാഞ്ഞങ്ങാട്ടും കാസർഗോട്ടും കോച്ച് റസ്റ്ററന്റ് ആരംഭിക്കാനുള്ള കരാർ നൽകിയത്. കാസർഗോട്ടെ നവീകരിച്ച റെയിൽവേ സ്റ്റേഷനു സമീപം മികച്ച നിലവാരത്തിൽ കോച്ച് റസ്റ്ററന്റ് നടത്തിക്കൊണ്ടുപോകാൻ കഴിയുമെന്നാണ് കരാറുകാരുടെ വിലയിരുത്തൽ.
ഇതിനായി ഒരു പഴയ കോച്ച് എത്തിച്ച് എത്രയും പെട്ടെന്ന് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
എന്നാൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് പഴയ റെയിൽവേ ഗേറ്റിനു സമീപത്തായാണ് കോച്ച് റസ്റ്ററന്റ് സ്ഥാപിക്കാൻ സ്ഥലം അനുവദിച്ചത്. ഈ സ്ഥലത്തിനു നേരെ എതിർവശത്താണ് മത്സ്യമാർക്കറ്റ്.
അവിടെനിന്നുള്ള മലിനജലം വേനൽക്കാലത്തുപോലും ഈ സ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കരാറുകാർ ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങനെയൊരു സ്ഥലത്ത് റസ്റ്ററന്റ് തുടങ്ങിയാൽ മലിനജലവും ദുർഗന്ധവും മൂലം ആളുകൾ ഇവിടെയെത്താൻ മടിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിക്കാൻ പോലും പ്രയാസമുണ്ടായേക്കാമെന്നുമാണ് നിഗമനം.
ഈ സ്ഥലം മാറ്റിത്തരുന്നില്ലെങ്കിൽ ഇവിടെ കോച്ച് റസ്റ്ററന്റ് തുടങ്ങാൻ താത്പര്യമില്ലെന്നു കാണിച്ച് റെയിൽവേ അധികൃതർക്കു കത്തുനൽകാനാണ് കരാറുകാരുടെ തീരുമാനം.
Tags : NattuVishesham DistrictNews