തൃക്കരിപ്പൂർ: ഇഷ്ട ടീമുകളുടെ പതാകയും ജഴ്സിയും ഫ്ലക്സ് ബോർഡുകളും കൊണ്ട് എല്ലായിടവും നിറയ്ക്കുമ്പോഴും ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടെയും പേരും പതാകയും ഓർത്തെടുക്കാൻ പൊതുവേ ആർക്കും സാധിച്ചെന്നു വരില്ല. പക്ഷേ ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകളിൽ ഏതു രാജ്യത്തിന്റെ പതാക കാണിച്ചാലും അപ്പോൾതന്നെ രാജ്യമേതാണെന്ന് നിസംശയം വിളിച്ചുപറയും തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി നീൽ ആദം ജേക്കബ്.
ലോകകപ്പിന്റെ കാര്യത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 150 ലേറെ രാജ്യങ്ങളുടെ പതാകകൾ കണ്ടാൽ രാജ്യമേതെന്നു തിരിച്ചറിയാൻ നീലിനു കഴിയും. അതോടൊപ്പം വിവിധ രാഷ്ട്രങ്ങളുടെ പതാകകളുടെ നിറവും അവയിൽ ആലേഖനം ചെയ്തിട്ടുള്ള മുദ്രകളും മറ്റു പ്രത്യേകതകളും വിവരിച്ചുതരും.
ലോകരാഷ്ട്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ പുസ്തകത്തിൽ നിന്നാണ് നീൽ ഓരോ രാജ്യത്തിന്റെയും പതാകകളുടെ ചിത്രം മനസിലുറപ്പിച്ചത്. ചിത്രങ്ങളോടും നിറങ്ങളോടുമുള്ള താത്പര്യം കൊണ്ട് പുസ്തകം വാങ്ങിനോക്കിയ കുട്ടി ക്രമേണ അതിലെ എല്ലാ ചിത്രങ്ങളും ഹൃദിസ്ഥമാക്കുകയായിരുന്നു.
ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളിൽ വൻകിടക്കാരായ ബ്രസീലിനോടും അർജന്റിനയോടും ജർമനിയോടുമുള്ളതിനേക്കാൾ ഇഷ്ടം നീലിനുള്ളത് ഭൂപടത്തിൽ ചെറിയൊരു പൊട്ടുപോലെ കാണുന്ന കുഞ്ഞുരാജ്യമായ പനാമയോടാണ്. എങ്കിലും ഇഷ്ടപ്പെട്ട താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
ബിസിനസുകാരനായ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി സന്തോഷ് സേവ്യറിന്റെയും സെന്റ് പോൾസ് എയുപി സ്കൂളിലെ അധ്യാപിക സരിത ജേക്കബിന്റെയും മകനാണ് നീൽ. ചേച്ചി സെറ എലിസബത്ത് ഫിലിപ്പ് ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
Tags : flag Nattuvishesham District News