കോഴിക്കോട് കല്ലുത്താൻകടവിൽ നിർമാണം പൂർത്തിയായ പച്ചക്കറി മാർക്കറ്റ് കെട്ടിടം .
കോഴിക്കോട്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കല്ലുത്താൻകടവിലെ വ്യാപാര സമുച്ചയത്തിൽ എട്ടുമാസങ്ങൾ പിന്നിട്ടിട്ടും ഒരു കടമുറി പോലും തുറന്ന് വ്യാപാരം ആരംഭിച്ചില്ല. പാളയം മാർക്കറ്റിൽ നിന്ന് പിൻവാങ്ങാനുള്ള വ്യാപാരികളുടെ താത്പര്യക്കുറവാണ് ഇതിന് കാരണം.
നിരവധി കാരണങ്ങളാണ് വ്യാപാരികൾ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. മുറികളുടെ വലിപ്പക്കുറവ്, മഴപെയ്താൻ വെള്ളം കടമുറിയിലേക്ക് അടിച്ചുകേറുന്നത് പഴങ്ങളും പച്ചക്കറികളും വാങ്ങാൻ വരുന്നവർക്ക് നടക്കാനുള്ള സ്ഥലത്തിന്റെ പരിമിതി എന്നിവയെല്ലാമാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
നഗര ഹൃദയഭാഗത്താണ് പാളയം മാർക്കറ്റ് പ്രവർത്തിക്കുന്നത്. തൊട്ടടുത്ത് ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നതിനാൽ സാധനങ്ങൾ എളുപ്പത്തിൽ കയറ്റി അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനും സാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. കൂടാതെ, ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് എളുപ്പത്തിൽ പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നതിന് കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി.
കല്ലുത്താൻകടവിൽ പഴങ്ങൾ പഴുപ്പിക്കുന്നതിന് സൗകര്യങ്ങൾ കുറവാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഷീറ്റ്കെട്ടി മറച്ച സ്ഥലമാണ് അവിടെ അതിനായി ഒരുക്കിയിരിക്കുന്നത്. ഇത് പഴങ്ങൾ നശിച്ചുപോകാൻ കാരണമാകുമെന്ന് അവർ പറഞ്ഞു. വ്യാപാരികൾ പാളയം മാർക്കറ്റിൽ നിന്ന് കല്ലുത്താൻ കടവിലേക്ക് മാറുന്നത് താത്കാലികമായി നിറുത്തി വെച്ചിരിക്കുകയാണ്. വ്യാപാരികൾക്കും സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും കല്ലുത്താൻകടവിൽ പാർക്കിംഗിന് ഉൾപ്പെടെഅസൗകര്യങ്ങൾ ഉണ്ടെന്ന് വ്യാപാരികൾ ആരോപിച്ചു. കാര്യങ്ങൾ കൃത്യമായി പഠിക്കാതെയാണ് വ്യാപാര സമുച്ചയങ്ങൾ പണിതതെന്നും വ്യാപാരികളുടെ താത്പര്യം അധികൃതർ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്.
കല്ലുത്താൻകടവ് ഏരിയ ഡെവലപ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനാണ് കല്ലുത്താൻകടവ് വ്യാപാര സമുച്ചയത്തിന്റെ നിർമാണ, നടത്തിപ്പ് അനുമതി. നവംബറിൽ വ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്തുവെങ്കിലും ജനുവരിയിലാണ് കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ കിട്ടിയത്. ഇതിന് ശേഷം പാളയം മാർക്കറ്റ് ഇവിടേക്ക് മാറ്റുന്നതിനുള്ള അപേക്ഷ കമ്പനി കോർപറേഷന് കൈമാറി.
വ്യാപാരികൾക്ക് കടമുറികൾ കൈമാറുന്നതിനുള്ള കാര്യങ്ങൾ കോർപറേഷൻ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. വ്യാപാരികൾക്ക് കടമുറികൾ അനുവദിക്കുന്നതിന് ലോട്ട് എടുക്കുകയും ചെയ്തു. എന്നാൽ വ്യാപാരികളാരും ഇവിടേക്ക് കച്ചവടം മാറുന്നതിന് തയ്യാറായില്ല. 2009ൽ തുടങ്ങിയ പ്രൊജക്ട് ആണിത്. പരമാവധി 64 കോടിയാണ് ഇതിനായി ചെലവ് പ്രതീക്ഷിച്ചിരുന്നത്.എന്നാൽ, നിലവിൽ 100 കോടിയോളം ചെലവായി. കല്ലുത്താൻകടവിൽ താമസിച്ചിരുന്ന 140 കുടുംബങ്ങൾക്ക് ഫ്ളാറ്റ് നിർമിച്ച് നൽകിയ ശേഷം 162 സെന്റ് സ്ഥലത്താണ് കല്ലുത്താൻ കടവ് പച്ചക്കറി വ്യാപാര സമുച്ചയം പണിതിരിക്കുന്നത്.
Tags : Nattuvishesham LocalNews