കനകക്കുന്ന് ജെട്ടി
കായംകുളം: കായംകുളം കായലിനുകുറുകേ ആറാട്ടുപുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് നിർമിക്കാനുദ്ദേശിക്കുന്ന കനകക്കുന്ന്-കള്ളിക്കാട് പാലത്തിന്റെ നിർമാണം വൈകുന്നതിൽ തീരദേശവാസികളുടെ പ്രതിഷേധമുയരുന്നു. 2022ലെ സംസ്ഥാന ബജറ്റിലാണ് പാലത്തിന് 100 കോടി രൂപയുടെ അനുമതി ഉണ്ടായത്.
തുടർന്ന്പാലത്തിന്റെ അലൈൻമെന്റ് നിശ്ചയിച്ച് മണ്ണുപരിശോധന പൂർത്തിയാക്കി. ഇതു വിലയിരുത്തി രൂപരേഖ തയാറാക്കേണ്ടത് പൊതുമരാമത്തുവകുപ്പ് ഡിസൈൻ വിഭാഗമാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ എങ്ങുമെത്തിയില്ല. കായംകുളം കായലിന്റെ ഇരുകരകളിലുമായി കിടക്കുന്ന പഞ്ചായത്തിന് 14.5 കിലോമീറ്ററോളം നീളമുണ്ട്. പഞ്ചായത്തിന്റെ മധ്യഭാഗത്തായി പാലം നിർമിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.
സുനാമിക്കുശേഷം തെക്കുഭാഗത്തു നിർമിച്ച കൊച്ചിയുടെ ജെട്ടി-പെരുമ്പള്ളി പാലം മാത്രമാണ് മറുകര കടക്കാനുള്ള ഏക മാർഗം. ഇതല്ലാതെമറുകരയെത്തണമെങ്കിൽ വടക്ക് തൃക്കുന്നപ്പുഴയിലെത്തണം. പടിഞ്ഞാറേക്കരയിലെ കള്ളിക്കാട്ടും പരിസരപ്രദേശങ്ങളിലുമാണ് പഞ്ചായത്തിലെ മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രവും ആയുർവേദാശുപത്രിയും ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകളും കൃഷിഭവനുമെല്ലാം ഇവിടെയാണ്.
രണ്ടുമുതൽ ആറുവരെയുള്ള വാർഡുകൾ കിഴക്കേക്കരയിലാണ്. ഇവിടങ്ങളിൽ രണ്ടായിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് പടിഞ്ഞാറേക്കരയിലെ സർക്കാർ ഓഫീസുകളിൽ റോഡുമാർഗം പോയിവരാൻ 25-30 കിലോമീറ്ററോളം സഞ്ചരിക്കണം. മറിച്ച് പടിഞ്ഞാറേക്കരയിലെ താമസക്കാർക്കും ആവശ്യങ്ങൾക്കായി കിഴക്കേക്കരയിലെത്തണമെങ്കിലും ഈ ദൂരംതന്നെ സഞ്ചരിക്കണം.അതിനാൽ കനകക്കുന്ന്-കള്ളിക്കാട് പാലത്തിന്റെ നിർമാണം ഈ സർക്കാരിന്റെ കാലത്തെങ്കിലും പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.