അമ്പലപ്പുഴ: പ്രായം തളർത്താതെ കാർത്യായനി ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ 102-ാം വയസിലും വോട്ട് ചെയ്യാൻ ബൂത്തിലെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പട്ടന്റെപറമ്പിൽ കാർത്യായനിയാണ് പതിവുതെറ്റിക്കാതെ ഇക്കുറിയും കട്ടക്കുഴി എസ്എൻഎൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയത്.
ഉച്ചയോടെ മകൾ പുഷ്പവല്ലി, മരുമകൾ കുശലകുമാരി, ചെറുമകൻ സുധീഷ് കുമാർ എന്നിവർക്കൊപ്പം കാറിലാണ് എത്തിയത്. എങ്കിലും സ്കൂൾ വളപ്പിൽനിന്ന് പോളിംഗ് ബൂത്തിലേക്ക് നടക്കണമെന്നായിരുന്നു ആഗ്രഹം. പൊരിവെയിലിൽ വടിയുടെ സഹായത്താൽ നടന്ന് ബൂത്തിലെത്തി. അൽപ്പസമയം വിശ്രമിച്ചശേഷം വോട്ടുചെയ്യാമെന്ന് പറഞ്ഞെങ്കിലും ഇത് കേൾക്കാതെ വോട്ടു ചെയ്തു. മക്കളും ചെറുമക്കളും അവരുടെ മക്കളുമായി ഏതാണ്ട് 150 ഓളം പേരടങ്ങിയ കണ്ണിയിലെ മുത്തശ്ശി ഇന്നും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്.
Tags : Karthiyani