കാസര്‍ഗോഡ്: വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനിയാ സോളാര്‍ വേലി ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നതില്‍ കാസര്‍ഗോഡ് ജില്ല ഏറെ മുന്നിലാണെന്നും ഈ വര്‍ഷത്തോടെ സമ്പൂര്‍ണ സോളാര്‍ വേലികളാല്‍ സംരക്ഷിത ജില്ലയാക്കി കാസര്‍ഗോഡിനെ ഉയര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും വനംമന്ത്രി എ.കെ. ശശീന്ദ്രന്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട നിയന്ത്രണ സമിതി ജില്ലാതല യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ഭൂമിയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ഊര്‍ജിതമായി ജില്ലയില്‍ നടപ്പാക്കണം. ഇതിനായി പ്രശ്നബാധിത പഞ്ചായത്തുകളുടെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുടെ അടിയന്തര യോഗം വിളിച്ചുകൂട്ടണമെന്ന് നിര്‍ദേശിച്ചു.
ജില്ലയില്‍ വനങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളില്‍ വന്യജീവികള്‍ വാഹനങ്ങളില്‍ ഇടിച്ചും മറ്റുമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളുമായി സഹകരിച്ച് പ്രായോഗിക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മനുഷ്യവാസ മേഖലകളില്‍ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി താത്കാലികമായി പാര്‍പ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പനത്തടി, ബളാല്‍, ഈസ്റ്റ് എളേരി എന്നിവിടങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന സോളാര്‍ തൂക്കുവേലിയുടെ പരിചരണത്തിന് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ നിന്നും 1.80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് വന്യജീവികള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ മാലിന്യനിര്‍മാര്‍ജനത്തിനും തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
ആളുകള്‍ രാവിലെ നടത്തത്തിനിറങ്ങുന്ന സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 2025 മേയ് വരെയുള്ള അപേക്ഷകളില്‍ തുക നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നല്‍കുമെന്ന് യോഗത്തില്‍ ഡിഎഫ്ഒ അറിയിച്ചു.
ചെറുവത്തൂര്‍ പഞ്ചായത്തിലെ കുളങ്ങാട്ടുമല ഫോറസ്റ്റ് മേഖലയില്‍ മല ഇടിയുന്നതിനാല്‍ അക്കേഷ്യ മരങ്ങള്‍ നീക്കം ചെയ്യുന്നതിന് ദുരന്തനിവാരണ നിയമത്തില്‍പെടുത്തി റിപ്പോര്‍ട്ട് നല്കാന് ഡിഎഫ്ഒയെ യോഗം ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി. ബിന്ദു എന്നിവര്‍ സംസാരിച്ചു.
Tags : local nattuvishesham solar panels