കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ബെന്നിയും ഋഷിരാജും.
കുളത്തൂപ്പുഴ : വൈദ്യുതി തകരാര്‍ പരിഹരിക്കാനായി പോയ കെഎസ്എബി ജീവനക്കാര്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം. കുളത്തൂപ്പുഴ സെക്ഷന്‍ ഓഫീസിലെ ലൈന്മാന്മാരായ ബെന്നി, ഋഷിരാജ് എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഡാലി മാത്രകരിക്കാം ചതുപ്പ് ഭാഗത്ത് വൈദ്യുതി ബന്ധം തകരാറിലാണെന്ന വിവരത്തെ തുടര്‍ന്നാണ് ബെന്നിയും ഋഷിരാജും ബൈക്കിൽ ഇവിടേക്ക് പുറപ്പെട്ടത്. മാത്രകരിക്കാം ഭാഗത്തുള്ള വളവ് തിരിയവേ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനടുത്തേക്ക് കുട്ടികള്‍ ഉള്‍പ്പെടുന്ന കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു.
ഇതോടെ ഇരുവരും ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ കുളത്തൂപ്പുഴ റേഞ്ച് വനപാലകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബെന്നിയെ കണ്ടെത്തിയെങ്കിലും ഋഷിരാജിനെ കണ്ടെത്താന്‍ കഴിയാതിരുന്നത് ആശങ്കയ്ക്കിടയാക്കി. എന്നാല്‍ രണ്ടു മണിക്കോറോളം നീണ്ട തെരച്ചിലിനൊടുവില്‍ കല്ലടയാറിന്റെ തീരത്ത് നിന്നും ഋഷിരാജിനെ കണ്ടെത്തിയതോടെയാണ് ആശങ്ക അവസാനിച്ചത്.
മാത്രകരിക്കം ഭാഗത്ത് കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാന ശല്ല്യം അതിരൂക്ഷമാണ്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാന വ്യാപകമായി കൃഷി വിളകള്‍ നശിപ്പിക്കുകയും വീടുകള്‍ക്ക് അടുത്തുവരെ എത്തുന്ന അവസ്ഥയുമാണ്. കഴിഞ്ഞ മാസം വീട്ടിലേക്കു പോയ ഗൃഹനാഥന് നേരെ കാട്ടാന ആക്രമണം ഉണ്ടായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് പട്ടാപ്പകല്‍ വീണ്ടും കാട്ടാന കൂട്ടമായി ജനവാസ മേഖലയ്ക്ക് അരികിലേക്ക് എത്തിയിരിക്കുന്നത്. എന്തായാലും അപകടങ്ങളൊന്നും ഇല്ലാതെ ഇരുവരെയും കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് വനം വകുപ്പും കെഎസ്ഇബി അധികൃതരും.
Tags : Local News Nattuvishesham Kollam