പാലാ: നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്ക് നിലവിലെ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മായാ രാഹുലിനെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. ജോസ് കെ. മാണി എംപിയുടെ വസതിയിലായിരുന്നു യോഗം. ഇക്കാര്യം മറ്റ് എല്‍ഡിഎഫ് കൗണ്‍സലര്‍മാരെ അറിയിക്കാന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സിനെ ചുമതലപ്പെടുത്തി.
19 രാവിലെ 11 നാണ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ്. മായാ രാഹുലാണ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് വിമതരുടെ യോഗത്തില്‍ തീരുമാനിച്ചതായി ഇവരുടെ നേതാവ് ടോണി തൈപ്പറമ്പില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.
കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലിനെ പിന്നീട് പാര്‍ട്ടി തിരിച്ചെടുത്തെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ഇവർ. മായാ രാഹുലിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് വിമതരില്‍ ചിലര്‍ക്ക് തര്‍ക്കമുണ്ടെന്ന സൂചനയുണ്ട്. പാര്‍ട്ടി വിപ്പ് ലംഘിച്ച് എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത കോണ്‍ഗ്രസിലെ നാലു കൗണ്‍സിലര്‍മാരെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
ഇവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി ഉണ്ടാവുമെന്നും ഇന്നു തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്നുമാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഇന്നലെ പറഞ്ഞത്. എല്‍ഡിഎഫിലേക്ക് പോകുന്നതില്‍ കോണ്‍ഗ്രസ് വിമതരായ ചില കൗണ്‍സിലര്‍മാര്‍ക്ക് എതിര്‍പ്പുണ്ട്. കൂടാതെ നേതൃത്വം കര്‍ശന നടപടിയുമായി മുന്നോട്ട് പോയാല്‍ കൗണ്‍സിലര്‍ സ്ഥാനത്തു നിന്നു അയോഗ്യരാവുകയും പിന്നീട് ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നതിനു വിലക്കും വരും.
എല്‍ഡിഎഫിന് 12 പേരുടെ അംഗബലമുള്ളതിനാല്‍ കേവല ഭൂരിപക്ഷത്തിന് രണ്ടു പേരുടെ പിന്തുണ മതിയാവും. മായാ രാഹുലും ടോണി തൈപ്പറമ്പനും ഒപ്പം നിന്നാൽ എല്‍ഡിഎഫ് പിന്തുണയോടെ മായാ രാഹുല്‍ ചെയര്‍പേഴ്സണ്‍ ആകും. 26 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് ഒന്‍പതു പേരുടെ പിന്തുണയാണുള്ളത്.
Tags : nattu vishesham Kerala Congress-M supports Maya Rahul