വൈക്കോലുമായി വന്ന വാനിൽ തീ ആളിപ്പടര്‍ന്നപ്പോള്‍.
പുത്തൂര്‍ : പവിത്രേശ്വരത്ത് വൈക്കോലുമായി വന്ന പിക്കപ്പ് വാനിന് തീ പിടിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെ ആയിരുന്നു സംഭവം. പാല് സൊസൈറ്റികളില്‍ കച്ചി ഇറക്കുന്ന പിക്കപ്പ് വാന്‍ ആണ് തീപിടിച്ചത്. പവിത്രേശ്വരം മലനട ഭാഗത്തു വൈക്കോൽ തിരി ഇറക്കിയ ശേഷം അടുത്ത സൊസൈറ്റിയിലേക്ക് ഇറക്കാനായി വരുന്ന വഴി മറ്റു യാത്രക്കാരാണ് വണ്ടിയില്‍ നിന്നും പുക ഉയരുന്നതായി വിളിച്ചു പറഞ്ഞത്. കളത്തിട്ട ഭാഗത്തിനോട് അടുക്കാറായപ്പോഴാണ് തീയുടെ കാഠിന്യം വര്‍ധിച്ചത്.
ആനക്കോട്ടൂര്‍ സ്വദേശിയായ ഡ്രൈവര്‍ വിജയന് ഉടന്‍ വണ്ടി നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. കുണ്ടറയില്‍ നിന്നും ഫയര്‍ ഓഫീസര്‍ ബിനു കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും കൊട്ടാരക്കരയില്‍ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. 800 ഓളം തിരികള്‍ ഇറക്കി വന്ന വണ്ടിയിലെ കച്ചി വൈദ്യുതി ലൈനില്‍ തട്ടാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.
വണ്ടിയിലെ ഷോട്ട് സര്‍ക്യൂട്ടോ വഴിയില്‍ നിന്ന് മറ്റ് സിഗരറ്റില്‍ നിന്നോ മറ്റോ തീപ്പൊരി പറന്നു വീണതാകാമെന്നും സംശയിക്കുന്നു. കത്തിയ വണ്ടി പൂര്‍ണമായും ഉപയോഗശൂന്യമായ നിലയിലായി. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.