പ്രതീകാത്മക ചിത്രം
കൊല്ലം : യാത്രക്കാരുടെ ദീര്ഘനാളത്തെ ആവശ്യത്തിനു പരിഹാരവുമായി കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയിലെ 10 സ്റ്റേഷനുകളുടെ നീളം കൂട്ടുന്നു. 20.33 കോടി രൂപയുടെ കരാര് ചെന്നൈ ശ്രീബാലാജി എന്റര്പ്രൈസസിന് നിര്മാണ കമ്പനിക്കാണ് ലഭിച്ചത്. മുമ്പ്, 18 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.
ന്യൂആര്യങ്കാവ്, തെന്മല, ഇടമണ്, ആവണീശ്വരം, കുര, കൊട്ടാരക്കര, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂര് എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളമാണ് കൂട്ടുന്നത്. മുടങ്ങിക്കിടന്നിരുന്ന പദ്ധതി റീ-ടെന്ഡര് ചെയ്യുകയാണുണ്ടായത്. കരാര് പ്രകാരം ഒരുവര്ഷത്തിനകം നിര്മാണം പൂര്ത്തിയാക്കണം.
എഴുകോണ്, ആര്യങ്കാവ് സ്റ്റേഷനുകളില് പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തികള് നടന്നുവരികയാണ്. എഴുകോണില് നിര്മാണം അവസാനഘട്ടത്തിലാണ്. ആര്യങ്കാവില് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്ലാറ്റ്ഫോമുകള്ക്ക് നീളം വര്ധിപ്പിക്കാത്തതിനാല് കോച്ചുകളുടെ എണ്ണം കൂട്ടാന് കഴിയാത്ത സാഹചര്യമാണുള്ളത്. 12 സ്റ്റേഷനുകളിലെ നിര്മാണം പൂര്ത്തിയാക്കിയാല് കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന, ദീര്ഘകാല ആവശ്യത്തിന് ഒരുപരിധിവരെ പുതിയ കരാറോടെ പരിഹാരമാകും.
അതേസമയം ഒറ്റക്കല്, കഴുതുരുട്ടി, ഇടപ്പാളയം എന്നീ മൂന്ന് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നീളംകൂട്ടുന്ന കാര്യത്തില് തീരുമാനമായിട്ടില്ല. മൂന്നിടത്തെയും ടെന്ഡര് നടപടികള് ആരംഭിച്ചിട്ടില്ല. ഈ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകള്ക്കുകൂടി നീളം കൂട്ടിയാല് മാത്രമേ ഗുരുവായൂര്-മധുര എക്സ്പ്രസിന് കൂടുതല് കോച്ചുകള് ഉള്പ്പെടുത്താന് കഴിയുകയുള്ളൂ.
മധുര റെയില്വേ ഡിവിഷന്റെ അധികാരപരിധിയിലാണ് കിളികൊല്ലൂര് മുതല് ആര്യങ്കാവ് വരെയുള്ള 72 കിലോമീറ്റര് ഭാഗം. ഈ ഭാഗത്തെ വികസനത്തെ ഡിവിഷന് അധികൃതര് അവഗണിക്കുന്നതായാണ് ആക്ഷേപം. ഇപ്പോള് റീ-ടെണ്ടര് ചെയ്ത, പ്ലാറ്റ്ഫോമുകളുടെ നീളം വര്ധിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയിട്ട് ഏറെ നാളായി.
Tags : Railway Line NattuVishasham DistrictNews