കോന്നി സെൻട്രൽ ജംഗ്ഷൻ.
കോന്നി: കോന്നി ടൗണിന്റെ സമഗ്ര വികസനത്തിനു സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യം. പിഎം റോഡ് നവീകരണം പൂർത്തിയാകുന്നതോടെ കോന്നി സെൻട്രൽ ജംഗ്ഷൻ വികസനം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ പൂവണിഞ്ഞില്ല. റോഡ് നിർമാണം കഴിഞ്ഞപ്പോഴേക്കും കോന്നിയിൽ കുരുക്ക് വർധിക്കുകയാണുണ്ടായത്.
ജംഗ്ഷൻ വികസനത്തിനു മതിയായ സ്ഥലം ലഭ്യമല്ലെന്നതാണ് നിലവിലെ പ്രശ്നം. മെഡിക്കൽ കോളജുൾപ്പെടെ കോന്നിയിലേക്ക് എത്തിയതോടെ സെൻട്രൽ ജംഗ്ഷനിൽ തിരക്ക് വർധിച്ചു. ബൈപാസ് നിർമിച്ചും മതിയായ പാർക്കിംഗ് സൗകര്യം കണ്ടെത്തിയും ജംഗ്ഷൻ വികസനം യാഥാർഥ്യമാക്കണമെന്നാണ് ആവശ്യം. മതിയായ ഭൂമി ലഭ്യമാകുന്നില്ലെങ്കിൽ അർഹമായ വില നൽകി സർക്കാർ സ്ഥലം ഏറ്റെടുക്കണമെന്നും പിഎം റോഡ് നിർമാണത്തിലെ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കോന്നിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. അനുദിനം വളരുന്ന നഗരത്തിന് അനുയോജ്യമായ രീതിയിൽ റോഡുകളും മറ്റ് പൊതു സംവിധാനങ്ങളും വികസിപ്പിക്കേണ്ടത് അടിയന്തര ആവശ്യമായിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർക്കു നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് റെസിഡന്റ്സ് അസോസിയേഷനും സാംസ്കാരിക സംഘടനകളും.
പ്രശ്നകാരണം പിഎം റോഡ് വികസനത്തിലെ ക്രമക്കേട്
പിഎം റോഡ് പുനർനിർമാണത്തിനൊപ്പം കോന്നി ടൗൺ വികസനവും ലക്ഷ്യമിട്ടിരുന്നു. എന്നാൽ റോഡ് നിർമാണത്തിനിടെയുണ്ടായ ക്രമക്കേടുകൾ വികസന പദ്ധതിയെ അട്ടിമറിച്ചു. ടൗണിന് രണ്ടു കിലോമീറ്റർ ചുറ്റളവിൽ റോഡ് വികസനത്തിനായി മുമ്പ് കൃത്യമായി അളന്ന് കല്ലുകൾ ഇട്ടിരുന്നെങ്കിലും പിന്നീട് യാതൊരു മാനദണ്ഡവുമില്ലാതെ വീതി കുറച്ചാണ് പണി പൂർത്തിയാക്കിയത്.
ഇതിനു പിന്നിലെ ഗൂഢാലോചനയും അഴിമതിയും അന്വേഷിച്ച് കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീരിക്കണമെന്നാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.
കോന്നി ടൗണിന്റെ വിപുലീകരണത്തിനായി സർക്കാർ അർഹമായ വില നൽകി സ്ഥലം ഏറ്റെടുത്ത് ജംഗ്ഷൻ വികസിപ്പിക്കുന്നതിനു പദ്ധതി നടപ്പാക്കാൻ വേഗത്തിലുള്ള ഇടപെടലാണ് ആവശ്യം. നിശ്ചയിച്ച അലൈൻമെന്റിൽനിന്നു വ്യതിചലിച്ച് റോഡിന്റെ വീതി കുറച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
ബൈപാസ് യാഥാർഥ്യമാക്കണം
ടൗണിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി ബൈപാസ് യാഥാർഥ്യമാക്കാൻ നടപടി ഉണ്ടാകണം. അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി, പഴയ പ്രതാപത്തിൽ മാർക്കറ്റും ആധുനിക വ്യാപാര സമുച്ചയവും നിർമിക്കാനായാൽ വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കാനാകും.
നിയമനടപടികളിൽ കുടുങ്ങിക്കിടക്കുന്ന കെഎസ്ആർടിസി കെട്ടിടം സർക്കാർ ഏറ്റെടുത്ത് ജനങ്ങൾക്കായി തുറന്നുനൽകണം. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളുള്ള കോന്നി ടൗണിന്റെ വികസനത്തിലെ അട്ടിമറികൾ അവസാനിപ്പിക്കണം. പിഎം റോഡ് പുനർനിർമാണത്തിനായി സ്ഥലം ഏറ്റെടുത്തു കല്ലിട്ട സ്ഥലങ്ങളിൽനിന്ന് അലൈൻമെന്റ് മാറ്റി വീതി കുറച്ചതിലെ അഴിമതി സമഗ്രമായി അന്വേഷിക്കണം
രാജീസ് കൊട്ടാരം, പ്രസിഡന്റ്, ഗ്രീൻ നഗർ റെസിഡന്റ്സ് അസോസിയേഷൻ, കോന്നി.
മാസ്റ്റർ പ്ലാൻ തയാറാക്കണം
സർക്കാർ മെഡിക്കൽ കോളജ് അടക്കം ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും വന്നിട്ടും കോന്നി ടൗൺ വികസനം തടസപ്പെട്ട നിലയിലാണ്. പിഎം റോഡ് നിർമാണത്തിലെ അഴിമതിയും അലൈൻമെന്റിൽ വീതി കുറച്ചതുമെല്ലാം ജനങ്ങളെ വഞ്ചിക്കുന്നതായി. സെൻട്രൽ ജംഗ്ഷൻ വികസനത്തിനായി സർക്കാർ സ്ഥലം ഏറ്റെടുക്കുകയും നാരായണപുരം മാർക്കറ്റും അടഞ്ഞുകിടക്കുന്ന കെഎസ്ആർടിസി കോംപ്ലക്സും തുറന്നു നൽകുകയും വേണം. വ്യാപാരികളും പൊതുജനങ്ങളും ഒരേപോലെ ബുദ്ധിമുട്ടുകയാണ്, ഇനി അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കരുത്അ
ൻസാരി ഹനീഫ ( വ്യാപാരി)