മൂവാറ്റുപുഴ: വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുന്ന വെള്ളൂര്‍ക്കുന്നം കോര്‍മലയിലെ കുടുംബങ്ങളുടെ ദുരിതാവസ്ഥ വിലയിരുത്തുന്നതിന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
ഉയര്‍ന്ന ചെരിവുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇവരുടെ വീടുകള്‍ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. സംഭവത്തില്‍ വില്ലേജ് ഓഫീസ് റിപ്പോര്‍ട്ട് തയാറാക്കി കളക്ടറേറ്റിലേക്ക് നല്‍കിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് വാടകവീടുകളിലേക്ക് മാറണമെന്ന നിര്‍ദേശം ബന്ധപ്പെട്ട കുടുംബങ്ങള്‍ അംഗീകരിച്ചിരുന്നില്ല.
നിലവിലുള്ള റിപ്പോര്‍ട്ടുകളും ഫയലുകളും വിശദമായി പഠിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും കളക്ടറേറ്റ് തലത്തില്‍ പരിഹാരം ലഭിക്കാതെ വന്നാല്‍ നഗരസഭ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരക്ഷിതമായ താമസസൗകര്യങ്ങള്‍ ഒരുക്കി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിവാസികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു.
ദുരിതബാധിത കുടുംബങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നഗരസഭ ഒപ്പമുണ്ടാകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. നഗരസഭാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റി നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായാണ് സന്ദര്‍ശനം നടത്തിയത്. നഗരസഭാ വൈസ് ചെയര്മാന് പി.എം. അബ്ദുള്‍ സലാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. രജിത, കൗണ്‍സിലര്‍മാരായ ജി. മനോജ്, സജി ചാത്തങ്കണ്ടം, വില്ലേജ് ഓഫീസര്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ദുരിതബാധിത കുടുംബങ്ങള്‍ക്ക് നഗരസഭ ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു.2015 ജൂലൈയിലാണ് എംസി റോഡിലേക്ക് വെള്ളൂര്‍ക്കുന്നം കോര്‍മല ഇടിഞ്ഞുവീണത്. മലയിടിച്ചിലില്‍ ബഹുനില മന്ദിരമടക്കം നശിച്ചിരുന്നു. നഗരത്തെയാകെ മുള്‍മുനയിലാക്കി രാത്രിയിലാണ് കോര്‍മല ഇടിഞ്ഞത്. ഇടയ്ക്കിടെ ചെറിയ തോതില്‍ ഇടിഞ്ഞു കൊണ്ടിരിക്കുന്ന കോര്‍മലയില്‍ മഴ ശക്തിയായാല്‍ മണ്ണിടിച്ചില്‍ രൂക്ഷമാകുമെന്ന ഭീതിയിലാണ് ഇപ്പോഴും ജനങ്ങള്‍.
പ്രദേശത്താകെ ഭീഷണി നിലനിര്‍ത്തി കൂറ്റന്‍ ജലസംഭരണിയും മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്. അപകട ഭീഷണി മുന്നില്‍ക്കണ്ട് ടാങ്കിന്റെ സംഭരശഷി കുറച്ചിരുന്നു. വെള്ളം കൂടുതല്‍ സമയം ടാങ്കില്‍ സംഭരിച്ചു സൂക്ഷിക്കാറുമില്ല. അപ്പപ്പോള്‍ വിതരണം ചെയ്യുകയാണ് നിലവില്‍ ചെയ്യുന്നത്. മഴ കനത്താല്‍ ഇനിയും കോര്‍മല ഇടിയുമോയെന്ന ആശങ്കയിലാണ് ഇപ്പോഴും നാട്ടുകാര്‍.
Tags : nattu vishesham Kormala flood victims' rehabilitation