കുട്ടിയാന ചരിഞ്ഞ കൃഷിയിടത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരും.
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ജനവാസമേഖലയില് പതിവായി കാട്ടാനകൾ ഇറങ്ങുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് വൈദ്യുതാഘാതമേറ്റു കുട്ടിയാന ചരിഞ്ഞ സംഭവം. കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകൾ ഇവിടെ നാശം വിതയ്ക്കുന്നതു പതിവായിട്ടും അതിനെതിരെ ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
കോട്ടപ്പാറ പ്ലാന്റേഷനില് നിന്നുള്ള കാട്ടാനകളാണ് ഈ മേഖലിയിലിറങ്ങി നാശം വിതയ്ക്കുന്നത്. ദിവസവും വൈകുന്നേരത്തോടെ ആനകള് ജനവാസമേഖലകളിലെത്തുമെന്നു നാട്ടുകാർ പറയുന്നു. നേരംപുലരുന്നതോടെയാണ് ഇവ മടങ്ങുന്നത്. മുമ്പ് ഒരു മോഴയാന പകലും ജനവാസ മേഖലയിൽ നിന്ന് മടങ്ങിപ്പോകാതെ തമ്പടിച്ചിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെതുടർന്ന് പരിക്കുപറ്റിയ ഈ ആനയെ വനപാലകർ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ചെങ്കിലും ആന പിറ്റേന്ന് ചരിഞ്ഞു.
നാളുകളായി മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്ത്. വളർത്തു മൃഗങ്ങളെ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികൾ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. കൃഷിനാശവും പതിവാണ്. കൃഷി നാശത്തിന് നാമമാത്രമെങ്കിലും നഷ്ട പരിഹാരം ലഭിക്കാതെ കാത്തിരിക്കുന്ന കർഷകരും നിരവധിയാണ്. പ്രദേശത്ത് വന്യമ്യഗ സംഘർഷം തടയാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൃത്യമായ ഇടപെടലുകൾ ആവശ്യമാണെന്നാണു നാട്ടുകാരുടെ ആവശ്യം. കോട്ടപ്പടിയിലെ ഫെൻസിംഗ് നിർമാണത്തിലെ പോരായ്മയും പരിഹരിക്കപ്പെടണമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഹാംഗിംഗ് ഫെൻസിംഗ് നിർമാണം പൂർത്തിയാക്കണം
കോട്ടപ്പടി മേഖലയിൽ സോളാർ ഹാംഗിംഗ് ഫെൻസിംഗ് നിർമാണം പൂർത്തിയാകാത്തതു വന്യജീവികൾ യഥേഷ്ടം ജനവാസമേഖലയിലെത്താൻ ഇടയാക്കുന്നുണ്ട്. ഫെൻസിംഗ് നിർമാണം പൂർത്തിയായാൽ ഒരു പരിധി വരെ വന്യജീവികളെ വനത്തിനകത്ത് തടഞ്ഞു നിർത്താനും ഏതെങ്കിലും സാഹചര്യത്തിൽ വേലി തകർത്താൽ തന്നെ ആ മേഖലയിൽ പ്രത്യേക മുൻകരുതൽ സ്വീകരിക്കാനും സാധിക്കും. ഫെൻസിംഗ് നിർമാണം പൂർത്തീകരിച്ച ഭാഗങ്ങളിൽ അവ അങ്ങിങ്ങായി തകർന്നുകിടക്കുകയാണ്.
വനത്തിനുള്ളിൽതന്നെ കാട്ടാനകൾക്കും വന്യമൃഗങ്ങൾക്കും ആവശ്യമായ വെള്ളവും ആഹാരവും ക്രമീകരിച്ച് പ്രത്യേക ഇടങ്ങൾ ഒരുക്കിയാൽ അവ നാട്ടിലേക്കിറങ്ങുന്നതു നിയന്ത്രിക്കാനാവും. വനം വകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചർമാരെയും ഉൾപ്പെടുത്തി ഇതിനായി പ്രത്യേക പദ്ധതി ആരംഭിച്ചാൽ ഘട്ടം ഘട്ടമായെങ്കിലും കാട്ടാന ശല്യം പരിഹരിക്കാം.
ആനകളുടെ എണ്ണം ക്രമാതീതമായി പെരുകിയതോടെ ആഹാരത്തിനും വെള്ളത്തിനും വേണ്ടിയാണ് പ്രധാനമായും ആനകൾ കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത്.
ബിനിൽ യെൽദോ, പൊതുപ്രവർത്തകൻ
ജീവിതവും കൃഷിയും
പ്രതിസന്ധിയിൽ കാട്ടാന ശല്യംമൂലം കോട്ടപ്പടി മേഖലയിൽ ജീവിക്കാനോ കൃഷി ചെയ്യാനോ പറ്റാത്ത സ്ഥിതിയാണ്. സന്ധ്യയാകുമ്പോഴേക്കും കാട്ടാനകൾ വനാതിർത്തിക്കു സമീപം എത്തും. രാത്രിയോടെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിലിറങ്ങും. പണ്ടൊക്കെ പൈനാപ്പിൾ, വാഴ തെങ്ങ്, പ്ലാവ് തുടങ്ങിയ കൃഷികളായിരുന്നു ആനകൾ പ്രധാനമായും നശിപ്പിച്ചിരുന്നത്. ഇപ്പോൾ ടാപ്പ് ചെയ്യുന്ന റബറും ആനകൾ നശിപ്പിക്കാൻ തുടങ്ങി. വളർത്തു മൃഗങ്ങളുടെ നേരെയും പലപ്പോഴും കാട്ടാന ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
എം.കെ എൽദോസ്, കോട്ടപ്പടി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ
നെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു
കഴിഞ്ഞ വർഷം നെല്ല് പാകമായപ്പോൾ തന്നെ ആനകൾ തിന്ന് മടങ്ങുന്ന സാഹചര്യമായിരുന്നു. രാത്രി കാവൽ ഉണ്ടായിരുന്നെങ്കിലും ആനകളെ തടുക്കാൻ അതൊന്നും പര്യാപ്തമല്ല. കോട്ടപ്പടിയിൽ ഇത്രത്തോളം ആനകളുടെ ശല്യം തുടങ്ങിയിട്ട് 10 വർഷം മാത്രമേ ആയിട്ടുള്ളൂ. ഈ വർഷം നെൽകൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും കനത്ത നഷ്ടം നേരിടുമോ എന്ന ഭയമാണ്. കർഷകർ പലരും കൃഷി ഉപേക്ഷിക്കുകയാണ്.
എൽദോസ് വർഗീസ്, അറാക്കുടി, വടക്കുംഭാഗം,കർഷകൻ
കൃഷി ചെയ്താൽ വന്യമൃഗങ്ങൾ നശിപ്പിക്കും
മാസങ്ങൾ മുമ്പ് എന്റെ വീടിന്റെ അടുത്ത് കൃഷി ചെയ്തിരുന്ന കപ്പ കാട്ടാന തിന്നുതീർക്കുന്നതു നിസഹായയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. രാത്രി ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ കണ്ടത് കപ്പ തിന്നുന്ന കാട്ടാനയെ ആണ്. വാതിലിൽ ശക്തമായി തട്ടി ശബ്ദം ഉണ്ടാക്കിയെങ്കിലും ഒരു കൂസലുമില്ലാതെ ആന കപ്പ തീറ്റ തുടർന്നു.
നാട്ടുകാർ കപ്പക്കൊമ്പൻ എന്ന് പേരിട്ട കാട്ടാന പ്രദേശത്തെ കർഷകർ കൃഷിചെയ്ത കപ്പ മുഴുവൻ തേടിപ്പിടിച്ച് തിന്നൊടുക്കി. വന്യമൃഗ ശല്യത്തിന് അറുതിയായില്ലെങ്കിൽ ഇവിടെ കൃഷി അസാധ്യമാകുന്ന സ്ഥിതിയാണ്.
അയ്യപ്പൻകുട്ടി, മേച്ചേരി, വാവേലി, കർഷകൻ
ഫെൻസിംഗ് പ്രവർത്തനക്ഷമമാക്കണം
കോട്ടപ്പാറ വനത്തിൽ നിന്ന് ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ കോട്ടപ്പടി പഞ്ചായത്തിൽ 1.5 കി. മീറ്ററും, പണ്ടിമന പഞ്ചായത്തിൽ 4.5 കി.മീറ്ററുമാണ് ഫെൻസിംഗ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ഇത് പൂർണമായും നശിച്ച് ഉപയോഗശൂന്യവുമാണ്.
ഫെൻസിംഗിന് ചേർന്ന് 30 മീറ്റർ വീതിയിൽ ആനകൾ തള്ളിയിടാൻ സാധ്യതയുള്ള മരങ്ങളും കാടും വള്ളിപടർപ്പും പൂർണമായി വെട്ടിമാറ്റണം. ആവശ്യമായ അളവിൽ കൃത്യമായി ഫെൻസിംഗിൽ വൈദ്യുതി പ്രവഹിപ്പിക്കാനും പരിപാലിക്കാനും നടപടി വേണം. ഇതിനു പഞ്ചായത്തിന്റെ എല്ലാ സഹകരണവും ഉറപ്പാക്കും.
ഉമേഷ് ശിവകുമാർ, പ്രസിഡന്റ്, കോട്ടപ്പടി പഞ്ചായത്ത്