ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന മാതൃകാ വിദ്യാലയമാണ് ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്. മേരിമാതാ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിളവെടുപ്പിന്റെ ആഘോഷമാണ് ഓരോ ജൂബിലികാലഘട്ടവുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കൊയ്ത്തുകാലത്തിന്റെ ഓർമപ്പെടുത്തലായി ജൂബിലി കാലത്തെ കാണാൻ സാധിക്കണം. അറിവിന്റെ മേഖലയെ പകർന്നുകൊടുക്കുന്ന വീട് കഴിഞ്ഞാൽ രണ്ടാമിടമാണ് വിദ്യാലയം. അറിവിന്റെ തലങ്ങളിലൂടെ വളരാൻ സാധ്യത ഒരുക്കുന്ന അമ്മയാണ് വിദ്യാലയമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേർത്തു.
സ്കൂൾ മാനേജർ സിസ്റ്റർ അമല കിടങ്ങത്താഴെ എസ്എബിഎസ് ആമുഖപ്രഭാഷണവും ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും നടത്തി. ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീര്‍, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ് എസ്എബിഎസ്, പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്മിന്‍ എസ്എബിഎസ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്‍ഗീസ്, പഞ്ചായത്തംഗം സുമിന അലിയാര്, ജൂബിലി കണ്‍വീനര്‍ സാജന് കുന്നത്ത്, പിടിഎ പ്രസിഡന്റ് ബിജോജി തോമസ്, മുന്‍ പിടിഎ പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍, സ്റ്റാഫ് സെക്രട്ടറി പാര്‍വതി കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി സമാപനത്തോടനുബന്ധിച്ച് കൗശിക് ബാബുവിന്റെ സ്റ്റേജ് ഷോയും നടത്തി.
Tags : Mary Matha Public School nattuvishesham localnews Edakkunnam Model School