വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഉപഭോക്തൃ ബോധവത്കരണ സെമിനാര്‍ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: കെഎസ്ഇബിയെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഉപഭോക്താവാണ് രാജാവെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇരിട്ടിയില്‍ നടന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഉപഭോക്തൃ ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ റെഗുലേറ്ററി കമ്മീഷൻ വലിയ പങ്കുവഹിക്കുന്നു.
കേരളത്തില്‍ വൈദ്യുതി ഉപഭോഗം വലിയ തോതില്‍ കുതിച്ചുയരുമ്പോഴും ഉത്പ്പാദനം അതിനനുസരിച്ച് വര്‍ധിക്കുന്നില്ലെന്നത് വലിയ പ്രതിസന്ധിയാണ്. സംസ്ഥാനത്ത് നിലവിലുള്ള ഡാമുകള്‍ സുരക്ഷാ കാരണങ്ങളാലും കോടതി വ്യാവഹാരങ്ങള്‍ കാരണവും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സ്ഥിതിയുണ്ട്. ബാരാപോള്‍ ജല വൈദ്യുത കേന്ദ്രത്തിന്റെ കനാലിലുണ്ടായ വിള്ളല്‍ കാരണം 15 മാസങ്ങളായി ഉത്പ്പാദനം മുടങ്ങി. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സോളാര്‍ സംവിധാനത്തിലൂടെ പകല്‍സമയത്ത് ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി രാത്രി സമയങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ സ്റ്റോര്‍ ചെയ്യാനുതകുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം കേരളത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഇരിട്ടി എംജി കോളജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുമായി സഹകരിച്ച് ഇരിട്ടി എംടു എച്ച് റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ഇരിട്ടി നഗരസഭ ചെയര്മാന് വി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ വി.പി. റഷീദ്, കെഎസ്ഇബി ചീഫ് എൻജിനിയര്‍ ടി.സി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുള്‍ കരീം, എംജി കോളജ് എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഹസീന, കമ്പ്ലയൻസ് എക്സാമിനർ ഭുവനേന്ദ്ര പ്രസാദ് , ജൂനിയർ കൺസൾട്ടന്റ് രാം പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൺസ്യൂമർ അഡ്വക്കസി കൺസൾട്ടന്റ് ബി. ശ്രീകുമാർ വിഷയാവതരണം നടത്തി.