ചെങ്ങന്നൂർ: എംസി റോഡിൽ മുണ്ടൻകാവ് ജംഗ്ഷനിൽ മണിക്കൂറുകളോളം ഗതാഗതസ്തംഭനം സൃഷ്ടിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഒടുവിൽ നീക്കം ചെയ്തു. ഇന്നലെ പുലർച്ചെ അപകടത്തിൽപ്പെട്ട ബസ് 16 മണിക്കൂറുകൾക്കുശേഷം ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ച് റോഡിൽനിന്ന് മാറ്റിയതോടെയാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനായത്.
സുൽത്താൻബത്തേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ് ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അപകടത്തിൽപ്പെട്ടത്. ഇടറോഡിൽനിന്ന് അപ്രതീക്ഷിതമായി പ്രധാന റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാനിനെ മറികടക്കുന്നതിനിടെ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അപകടത്തിനു പിന്നാലെ ബസ് നീക്കം ചെയ്യാൻ അധികൃതർ കാണിച്ച അനാസ്ഥയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. റോഡിന്റെ മധ്യഭാഗത്തുതന്നെ ബസ് കിടന്നതോടെ മണിക്കൂറുകളോളം യാത്രക്കാർ ദുരിതത്തിലായി. രാവിലെ സ്കൂൾ ബസുകളും ഓഫീസ് വാഹനങ്ങളും ഉൾപ്പെടെ നിരനിരയായി കിടന്നതോടെ ഗതാഗതം സ്തംഭിച്ചു. ദീർഘനേരം കഴിഞ്ഞും ബസ് നീക്കം ചെയ്യാൻ നടപടിയുണ്ടാകാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. ഒടുവിൽ വൈകിട്ട് ഏഴോടെ ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയതോടെയാണ് മണിക്കൂറുകൾ നീണ്ട ദുരിതത്തിന് അറുതിയായത്.
Tags : KSRTC bus Nattuvishesham District News