കുടുംബശ്രീ ജനഗൽസ ദ്വിദിന സംസ്ഥാനതല സംഗമം നിലന്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യുന്നു.
നിലന്പൂർ: പട്ടികവർഗ അനിമേറ്റർമാരുടെയും ബ്രിഡ്ജ് കോഴ്സ് മെന്റർമാരുടെയുംസംസ്ഥാനതല സംഗമത്തിന് നിലന്പൂർ തുടക്കമായി. ഒസികെ ഓഡിറ്റോറിയത്തിൽ മന്ത്രി പി.കെ. ബഷീർ സംഗമം ഉദ്ഘാടനം ചെയ്തു. കാടിന്റെ
സ്പന്ദനങ്ങളും അതിലെ ജൈവവൈവിധ്യങ്ങളും വ്യക്തമായി അറിയാൻ കഴിയുന്നവരാണ് ആദിവാസി സമൂഹമെന്ന് മന്ത്രി പറഞ്ഞു.
ആദിവാസി സമൂഹത്തിന്റെ പാരന്പര്യവും തനിമയും നിലനിർത്തി അവർക്കാവശ്യമായ രീതിയിൽ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന വീട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ സംരംഭങ്ങളുമാണ് ലഭ്യമാക്കേണ്ടതെന്നും ആദിവാസി സമൂഹത്തിന്റെ കരുത്തും കഴിവും ദീർഘവീക്ഷണവും നേരിട്ട് അറിയാൻ അവസരം ലഭിച്ചിട്ടുള്ളയാളാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായി നടക്കുന്ന വികസന ചർച്ചകളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തണമെന്നും അവ പ്രാവർത്തികമാക്കാൻ സാധ്യമായ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് തദ്ദേശീയ മേഖലയിൽനിന്ന് വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും കർഷകരെയും മന്ത്രി ആദരിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ, പി.വി. അബ്ദുൾ വഹാബ് എംപി തുടങ്ങി പ്രമുഖർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews