ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്യുന്നു.
കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിലെ എട്ടുനോമ്പ് ആചരണത്തിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായുള്ള ബൈബിൾ കൺവൻഷൻ ക്രമീകരണത്തിനായി ഇടവക നേതൃസംഗമം നടത്തി. ഇടവകയിൽ സേവനം ചെയ്യുന്ന വൈദികരും യോഗപ്രതിനിധികളും കുടുംബ കൂട്ടായ്മ ഭാരവാഹികളുമടക്കം അറുനൂറോളം പേർ നേതൃസംഗമത്തിൽ പങ്കെടുത്തു.
ഓഗസ്റ്റ് 29, 30, 31, സെപ്റ്റംബർ ഒന്ന് തീയതികളിലാണ് ബൈബിൾ കൺവൻഷൻ നടക്കുന്നത്. ഫാ. മാത്യു വയലാമണ്ണിലാണ് കൺവൻഷന് നേതൃത്വം നൽകുന്നത്. കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ ഒരു പതിറ്റാണ്ട് പൂർത്തീകരിച്ചു എന്ന പ്രത്യേകതയും ഇത്തവണത്തെ കൺവൻഷനുണ്ട്. സമുദായ ശക്തീകരണ വർഷത്തിലെ എട്ടുനോമ്പാചരണം എന്ന നിലയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
പാലാ രൂപതയിലെ വിവിധ ഫൊറോനകളിൽനിന്നും രൂപതാതലത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലും മുത്തിയമ്മ തീർഥാടനം എട്ടു ദിനങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷൻ വിജയത്തിനായി ഇടവകയിലെ മൂവായിരത്തിലേറെ വീടുകളിൽ ഇന്നുമുതൽ പ്രത്യേക പ്രാർഥന ചൊല്ലും.
നേതൃസംഗമം ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. കുടുംബ കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി അധ്യക്ഷത വഹിച്ചു.
സീനിയർ അസിസ്റ്റന്റ് വികാരിയും ബൈബിൾ കൺവൻഷൻ കമ്മിറ്റി ജനറൽ കൺവീനറുമായ ഫാ. ജോസഫ് മണിയഞ്ചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ചൂരക്കൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ജോർജ് ചാത്തൻകുന്നേൽ, കൈക്കാരൻ ജോൺ കാരാംവേലിൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബ കൂട്ടായ്മ മേഖലാ പ്രസിഡന്റ് ബിജു താന്നിക്കറപ്പിൽ, കുടുംബ കൂട്ടായ്മ സോൺ ഭാരവാഹികളായ സണ്ണി വെട്ടിക്കാട്ടിൽ, ഷൈജു പാവത്തിയേൽ, സ്മിത ഷിജു പുതിയിടം, ഷൈനി സാബു എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Bible Convention