പ്രതീകാത്മക ചിത്രം
കുറ്റിപ്പുറം: ദേശീയപാതയില്‍ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് പ്രധാന കാരണം വളവില്‍ വേഗത കുറയ്ക്കാതിരുന്നതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ അപകടം. കോഴിക്കോടുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ഡിഫന്‍ഡര്‍ ബസ്, മഴയുള്ള സമയത്ത് റെയില്‍വേ മേല്‍പ്പാലത്തിന് 200 മീറ്റര്‍ അകലെയുള്ള എ എന്‍ട്രി പോയിന്റിന് സമീപം ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കോഴിക്കോട് സ്വദേശി വൈഷ്ണവ് (31) മരണപ്പെടുകയും ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മഴ പെയ്തതിനെ ത്ുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ അമിതവേഗതയിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍,വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നുവെന്ന് നാറ്റ്പാകിന്റെ സാങ്കേതിക നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അപകടസ്ഥലത്തെ ചെരിവും വളവും കണക്കിലെടുത്ത് വേഗത കുറച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു.
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടി.പി. യൂസഫ്, ഡിവൈഎസ്പി സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചത്.
Tags : NattuVishasham DistrictNews