ഇടുക്കി: ജില്ലയിലെ കട്ടപ്പന വില്ലേജില്‍ നഗരസഭാ പരിധിയിലുള്ളതും ദശകങ്ങളായി പട്ടയപ്രതിസന്ധി നേരിടുന്നതുമായ ഭൂമിക്ക് പട്ടയം നല്‍കുന്നതിനായി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്. റീസര്‍വേ രേഖകളില്‍ മൈനര്‍ സര്‍ക്യൂട്ട് ആയി രേഖപ്പെടുത്തിയിരുന്നതും മുന്‍പ് വനംവകുപ്പിന്റെ അധീനതയിലാണെന്ന് കരുതിയിരുന്ന ഭൂമിയിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. 1993ലെ സ്പെഷല്‍ റൂള്‍സ് പ്രകാരം വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച സിഎച്ച്ആര്‍ ഭൂമിയില്‍പ്പെട്ട കട്ടപ്പന വില്ലേജില്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ വരുന്ന ടൗണ്‍ഷിപ്പ് പ്രദേശത്തിലെ പട്ടയം നല്‍കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ഇതിനുള്ള തടസങ്ങള്‍ നീക്കുന്നതിനായി ജില്ലാ കളക്ടര്‍ സ്പഷ്ടീകരണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് ടൗണ്‍ഷിപ്പ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഈ സ്ഥലത്തിന് വ്യക്തത സര്‍ക്കാര്‍ നല്‍കുകയായിരുന്നു.
1974-75 കാലത്തെ ഫീല്‍ഡ് സര്‍വേ പ്രകാരം കട്ടപ്പന പ്രദേശത്തെ ഭൂമി വനഭൂമിയല്ലെന്നും 1977 ജനുവരി ഒന്നിനു മുന്‍പുതന്നെ കൃഷിക്കും പാര്‍പ്പിടത്തിനുമായി കൈമാറ്റം ചെയ്യപ്പെട്ടതാണെന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
20363.1590 ഹെക്ടര്‍ ഭൂമിക്ക് കാര്‍ഡമം ഹില്‍ റിസര്‍വില്‍ നിന്ന് ഇളവ് നല്‍കുന്നതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് 1995ല്‍ ലഭിച്ച മുന്‍കൂര്‍ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കൈവശഭൂമിയുടെ അതിരുകളും വിസ്തീര്‍ണവും മുന്‍പത്തെ സര്‍വേ രേഖകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയ ശേഷം നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
Tags : Land issue nattuvishesham local news