കൈതച്ചിറയിൽ ജനപ്രതിനിധികളും വനംവകുപ്പ് അധികൃതരും നാട്ടുകാരുമായി നടത്തിയ ചർച്ച.
നെന്മാറ: കയറാടി കൈതച്ചിറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ കടുത്ത ആശങ്കയിൽ.
കഴിഞ്ഞദിവസം രാത്രി മാനിനെ പിന്തുടർന്നെത്തിയ പുലി ജനവാസ മേഖലയിലേക്കു കടന്നതായാണ് നാട്ടുകാർ പറയുന്നത്.
ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്ന ഒരാളുടെ ഏകദേശം 100 മീറ്റർ അടുത്തുവരെ പുലിയെ കണ്ടതു പ്രദേശത്തെയാകെ ഭീതിയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ഇടപെടലിനെതുടർന്ന് കഴിഞ്ഞദിവസം വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു.
ലഭിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. ഇതിനിടെ ജനപ്രതിനിധികളും വനംവകുപ്പ് അധികൃതരുമായി ചർച്ച നടത്തി.
രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നാട്ടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Tags : Nattuvishesham District news