പരിശീലനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നിലന്പൂർ: രോഗങ്ങൾ കൊണ്ട് കടക്കെണിയിലാകുന്നത് തടയാൻ ജീവിതശൈലി മാറ്റണമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. രോഗങ്ങൾ കൊണ്ട് കടക്കെണിയിലാകുന്നതാണ് ഇന്ന് കേരളം നേരിടുന്ന വലിയ ദുരന്തം. ജീവിതശൈലി മാറ്റി രോഗങ്ങൾ വരാതെ പ്രതിരോധിക്കലാണ് ഇതിനുള്ള പ്രധാന പോംവഴി. രോഗങ്ങൾ നേരത്തേ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തുകയും ഇതിനായി പൊതുആരോഗ്യ കേന്ദ്രങ്ങളെ ശക്തമാക്കുകയും വേണം.
ആരോഗ്യവകുപ്പ് നിലന്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരായ മാതൃകാ പദ്ധതിയായ "ഹൃദയരാഗം’ സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലന്പൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭയിലും നടത്തുന്ന ഗ്രാമസഭകൾക്ക് മുന്നോടിയായാണ് ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകിയത്. തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളിൽനിന്നുമുള്ള ഗ്രൂപ്പ് അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. എല്ലാ പഞ്ചായത്തുകളിലും വാക്കത്തണ്‍ അടക്കമുള്ള പ്രചാരണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു.
പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. മഹേഷ് , ഡോ. വിദ്യ (സ്റ്റേറ്റ് നോഡൽ ഓഫിസർ ട്രെയിനിംഗ് സിപിഎച്ച്സി, ഡോ. റോട്ടൻ സിഗൽ, പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. അരുണ്‍ ബി. നായർ, ഡോ. പ്രവീണ എന്നിവർ ക്ലാസെടുത്തു.
Tags : Nattuvishesham Districtnews Deepikanews Lifestyle changes