റെയിൽവേസ്റ്റേഷൻ
ആലപ്പുഴ: വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്കലേറ്ററുകളും അനുവദിച്ചു. കായംകുളത്ത് മൂന്ന് ലിഫ്റ്റുകളും നാല് എസ്കലേറ്ററുകളും ആലപ്പുഴയില്‍ രണ്ട് ലിഫ്റ്റുകളും നാല് എസ്കലേറ്ററുകളും അനുവദിച്ചതായി കെസി വേണുഗോപാല്‍ എംപി അറിയിച്ചു. നിലവിലുള്ള ലിഫ്റ്റുകൾക്കും എസ്കലേറ്ററുകള്‍ക്കും പുറമേയാണ് പുതിയ ലിഫ്റ്റുകളും എസ്കലേറ്ററുകളും അനുവദിച്ചതെന്നും വിശദമായ എസ്റ്റിമേറ്റ് സെപറ്റംബര്‍ മാസം അവസാനത്തോടെ അനുമതിക്കായി സമര്‍പ്പിക്കും.
ആലപ്പുഴയില്‍ പുതിയ പാഴ്സല്‍ ഓഫീസും അനുവദിച്ചു. കൂടാതെ അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സ്റ്റേഷന് നവീകരിക്കുന്നതിനുമുള്ള പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി ടാക്ടൈല്‍ ഗൈഡന്‍സ് പാത ഒരുക്കും. 134 പുതിയ ലൈറ്റുകള്‍ സ്ഥാപിച്ച് പ്ലാറ്റ്ഫോമുകളിലെ പ്രകാശ സംവിധാനം മെച്ചപ്പെടുത്തിയതായും റെയില്‍വേ അറിയിച്ചു.
ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ അനുമതി നല്കി. ഇതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടി ഈ മാസം 30നകം പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ എംപിയെ അറിയിച്ചു. ചേര്‍ത്തല, തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ലൈറ്റിംഗ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഈ പ്രവൃത്തികള്‍ ഒക്ടോബര്‍ 10നകം പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
ഹരിപ്പാട്, കരുനാഗപ്പള്ളി, അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്റഗ്രേറ്റഡ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് അനുമതി തേടി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിആര്‍എം രേഖാമൂലം കെ.സി. വേണുഗോപാല്‍ എംപിയെ അറിയിച്ചു.
ആലപ്പുഴ, അമ്പലപ്പുഴ, കരുനാഗപ്പള്ളി, ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകളിലെ നിലവിലുള്ള വീഡിയോ സര്‍വൈലന്‍സ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് റെയില്‍വേ കെസി വേണുഗോപാല്‍ എംപിയെ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews railway station