ചെങ്ങന്നൂർ: പ്രകൃതിയോടുള്ള സ്നേഹം വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാണിക്കേണ്ടതെന്ന് തെളിയിക്കുകയാണ് ലില്ലി ലയൺസ് സ്പെഷൽ സ്കൂളിലെ ഈ മിടുക്കന്മാർ. ലോക പരിസ്ഥിതി ദിനത്തിൽ വലിയ മാറ്റങ്ങളുടെ സന്ദേശവുമായി വേറിട്ട ആഘോഷങ്ങൾക്കാണ് ലില്ലി സ്കൂൾ കാമ്പസ് സാക്ഷ്യം വഹിച്ചത്. വ്യത്യസ്ത കഴിവുകളുള്ള ഇവിടുത്തെ കുട്ടികൾ ഒത്തുചേർന്ന് നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നാടിനാകെ മാതൃകയാവുകയാണ്.
തങ്ങൾ വീടുകളിൽനിന്നും സ്നേഹത്തോടെ കരുതിക്കൊണ്ടുവന്ന വൃക്ഷത്തൈകൾ കുട്ടികൾ ഒന്നടങ്കം സ്കൂൾ മണ്ണിൽ നട്ടുപിടിപ്പിച്ച കാഴ്ച കണ്ടുനിന്നവരുടെ ഉള്ളം നിറയ്ക്കുന്നതായിരുന്നു. കേവലം തൈ നടീലിൽ ഒതുങ്ങാതെ, പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾ തയാറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. നിറക്കൂട്ടുകളിലൂടെ പ്രകൃതിയുടെ പച്ചപ്പും സംരക്ഷണത്തിന്റെ ആവശ്യകതയും വിളിച്ചോതിയ ചിത്രരചനാ പ്രദർശനം കാണികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.
ദിനാഘോഷങ്ങൾ മുൻ ചെങ്ങന്നൂർ ലയൺസ് ക്ലബ് പ്രസിഡന്റും ലില്ലിയുടെ എക്സിക്യൂട്ടീവ് ട്രസ്റ്റിയുമായ ലയൺ കെ.ആർ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ട്രസ്റ്റി എസ്. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മോളി സേവ്യർ പ്രസംഗിച്ചു.
Tags : nattu vishesham Karuthal shade on campus