കയ്പമംഗലം: മഹാപ്രളയവും മഹാമാരിയും ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാഴ്ചവച്ച പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. മതിലകം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജനകീയാസൂത്രണസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസപ്രവർത്തനങ്ങൾ, സമൂഹ അടുക്കളകൾ, ഭക്ഷണ-മരുന്നുവിതരണം തുടങ്ങിയ ജനകീയപദ്ധതികൾ വിജയകരമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.മധുരാജ്, മുൻ എംഎൽഎമാരായ പ്രഫ. കെ.യു. അരുണൻ, ഇ.ടി. ടൈസണ്, ബ്ലോക്ക് കോഓർഡിനേറ്റർമാരായ സി.എ. നസീർ, കെ.എം. ബേബി, ടി.സി. വേണുഗോപാൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ അബ്ദുൽഖാദർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി നാരായണൻ, സി.കെ. ഗിരിജ, കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാൻ സുമ ശിവൻ, മതിലകം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് നവീന ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ദിനേശൻ, ബ്ലോക്ക് മുൻ മെന്പർ ആർ.കെ. ബേബി, വി.കെ. സദാനന്ദൻ പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Dr. Thomas Isaac