കുളത്തുപ്പുഴ : ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ കുളത്തുപ്പുഴയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസ് തെന്മലയിലേക്ക് മാറ്റിയ അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശവാസികളുടെയും ദളിത്, ആദിവാസി വിഭാഗങ്ങളുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. നിലവില്‍ രണ്ട് പ്രത്യേക കെട്ടിടങ്ങളിലായി എല്ലാവിധ സൗകര്യങ്ങളോടെയും പ്രവര്‍ത്തിക്കുന്ന ഓഫീസാണ് സ്വന്തമായി കെട്ടിടമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത തെന്മലയിലേക്ക് മാറ്റിയിരിക്കുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങള്‍ അധിവസിക്കുന്ന കുളത്തുപ്പുഴ പഞ്ചായത്തിലെ വില്ലുമല, പെരുവഴിക്കാല, അരിപ്പ, കടമാന്‍കോട്, ചെറുകര തുടങ്ങിയ ഊരുകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്.
പുതിയ റൂള്‍ പ്രകാരമെന്ന പേരില്‍ ഓഫിസ് തെന്മലയിലേക്ക് മാറ്റിയാല്‍, ഉള്‍ക്കാടുകളില്‍ നിന്നെത്തുന്ന പാവപ്പെട്ട ആദിവാസികളും പ്രദേശവാസികളും നീതിക്കായി കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ടി വരും. തെന്മലയില് ആവശ്യമായ കെട്ടിട സൗകര്യങ്ങളോ കൃത്യമായ മൊബൈല്‍ റേഞ്ച്, വെളിച്ചം എന്നിവയോ ഇല്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഓഫിസ് മാറ്റത്തിന് പുറമെ, കുളത്തുപ്പുഴ പൊലിസ് സ്റ്റേഷനില്‍ നിലവിലുള്ള ഉദ്യോഗസ്ഥ ക്ഷാമവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ വലിയ തോതിലുള്ള മാനസിക സമ്മര്‍ദത്തിലാണ് ജോലി ചെയ്യുന്നത്.
അടിസ്ഥാന സൗകര്യങ്ങളുള്ള കുളത്തുപ്പുഴയില്‍ തന്നെ സിഐ ഓഫിസ് നിലനിര്‍ത്തണമെന്നും സ്റ്റേഷനിലെ ഉദ്യോഗസ്ഥ ക്ഷാമം ഉടന്‍ പരിഹരിക്കണമെന്നും ആദിവാസി ദളിത് വിഭാഗക്കാരൂടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ ധന്യാരാമന്‍ ആവശ്യപ്പെട്ടു.
പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
Tags : Nattuvishesham Districtnews Deepikanews Local residents