ചെങ്ങളായി: പടിഞ്ഞാറെ മൂലയിൽ ഇന്നലെ രാവിലെ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി. പടിഞ്ഞാറെമൂലയിലെ ടാപ്പിംഗ് തൊഴിലാളി ലക്ഷ്മണനാണ് പുലിയെ നേരിട്ട് കണ്ടതായി പഞ്ചായത്തിൽ അറിയിച്ചത്. ഇതോടെ നാട്ടുകാരിൽ വീണ്ടും ആശങ്ക ഉടലെടുത്തിരിക്കുന്നതിനാൽ പുലിയെ പിടികൂടാൻ ആവശ്യമായ കൂട് സ്ഥാപിക്കണമെന്ന് വനംവകുപ്പിനോട് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു.
ജൂലൈ 21ന് രാത്രി എം.ടി. വിനോദിന്റെ പശുക്കിടാവിനെ അജ്ഞാത ജീവി ആക്രമിച്ചുകൊന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പുലിയാണ് ആക്രമിച്ചതെന്ന നിഗമനത്തിൽ എത്തി. 23ന് കുളത്തൂരിലെ അജയൻ എന്ന വ്യക്തി വീണ്ടും പുലിയെ കണ്ടതിനാൽ കാടുകയറി തെരച്ചിൽ നടത്തുകയും കാമറ സ്ഥാപിക്കുകയും ഡ്രോൺ പരിശോധന നടത്തുകയും ചെയ്തെങ്കിലും പുലിയെ കണ്ടെത്താനായില്ല.
അതിനാൽ തന്നെ പ്രദേശവാസികൾക്ക് ഭയം കൂടാതെ യാത്ര ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്. ടാപ്പിംഗ് തൊഴിലാളികൾ ദിവസങ്ങളോളം ടാപ്പിംഗ് നിർത്തിവച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ നാട്ടുകാരും പഞ്ചായത്തും വനംവകുപ്പിനോട് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളുടെ പേരിൽ കൂട് സ്ഥാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു വീണ്ടും ആവശ്യപ്പെട്ടതെന്ന് പ്രസിഡന്റ് ബി.പി. വിപിന അറിയിച്ചു.
Tags : Nattuvishesham Districtnews Locals spot