പ്രതീകാത്മക ചിത്രം
കൊച്ചി: ലണ്ടന്റെ വിസ്മയങ്ങളും യൂറോപ്യന്‍ നഗരങ്ങളുടെ ഭംഗിയും കൊച്ചിയുടെ ഹൃദയഭാഗത്തേക്ക് എത്തിച്ച് ഡിജെ അമ്യൂസ്മെന്റ്സ് അവതരിപ്പിക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് എക്സിബിഷന് ഇന്ന് മുതല്‍ മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ആരംഭിക്കും. എല്ലാ ദിവസവും മൂന്ന് മുതല്‍ രാത്രി 9.30 വരെയാണ് എക്സിബിഷന്. ലോക പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന ഭീമാകാര പ്രവേശന കവാടവും യൂറോപ്യന്‍ നഗരങ്ങളുടെ ശൈലിയില്‍ രൂപകല്പന ചെയ്ത ദൃശ്യാവിഷ്കാരങ്ങളുമാണ് എക്സിബിഷന്റെ പ്രധാന ആകര്ഷണങ്ങള്. വര്‍ണാഭമായ ലൈറ്റിംഗും അലങ്കാരങ്ങളും കൊണ്ട് സജ്ജമാക്കിയ യൂറോപ്യന്‍ സ്ട്രീറ്റ് സ്റ്റൈല്‍ വോക്ക്വേ കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും ഫോട്ടോഗ്രാഫി പ്രേമികള്‍ക്കും മികച്ച അനുഭവമായിരിക്കും.
വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളുമായി നിരവധി കണ്‍സ്യൂമര്‍ സ്റ്റാളുകള്‍, യൂറോപ്യന്‍ ആര്‍ട്ട് മ്യൂസിയം, ഷോപ്പിംഗ് സ്റ്റാളുകള്‍, വിവിധ രുചികള്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവ എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഡി.ജെ. അമ്യൂസ്മെന്റ്സ് അവതരിപ്പിക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് എക്സിബിഷന് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ അഗസ്റ്റിന് സെബാസ്റ്റ്യന്‍ (ടൈസണ്‍) ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും ഡി.ജെ. അമ്യൂസ്മെന്റ്സ് ജനറല്‍ മാനേജര്‍ വി.എസ്. ബെന്നി, ക്യാമ്പ് മാനേജര്‍ ജോര്‍ജ് വില്യംസ്, കോഓര്‍ഡിനേറ്റര്‍ അഖില്‍ കെ.മോന് എന്നിവര്‍ പറഞ്ഞു.