എസി റോഡിലെ വെയിറ്റിംഗ് ഷെഡില്‍ അഭയം തേടിയിരിക്കുന്ന പശുക്കള്‍.
ചങ്ങനാശേരി: ഇന്നലെ പകല്‍ മാനംതെളിഞ്ഞ് മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിന് ശക്തിയേറി. ആറുകള്‍ കവിഞ്ഞൊഴുകിയതോടെ പൂവം, നക്രാല്‍, പറാല്‍, വെട്ടിത്തുരുത്ത്, ഓടേറ്റി, കുമരങ്കരി തുടങ്ങിയ അപ്പര്‍ കുട്ടനാട് പ്രദേശങ്ങള്‍ വെള്ളത്തിന്റെ പിടിയിലമര്‍ന്നു. നൂറുകണക്കിനു വീടുകള്‍ വെള്ളത്തിലായി.
ചെറുതും വലുതുമായ റോഡുകള്‍ വെള്ളത്തിലായി. ജനജീവിതം ദുഃസഹമായി. കൊച്ചുകുട്ടികളും രോഗികളും വയോജനങ്ങളുമുള്പ്പെട്ട വീടുകളില്‍ ആശങ്ക പടരുകയാണ്. എസി കനാല്‍ കവിഞ്ഞൊഴുകി എസി റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടായതോടെ ഗതാഗതത്തിനും ഭീഷണി യായി.
പായിപ്പാട് പഞ്ചായത്തിലെ നക്രാല്‍ പുതുവല്‍, അറുനൂറില്‍ പുതുവല്‍, മൂലേപ്പുതുവല്‍, ദൈവത്തുംപറമ്പ്, കോമങ്കേരിച്ചിറ പ്രദേശങ്ങള്‍ വെള്ളത്തില്‍ ഒറ്റപ്പെട്ടു. വെള്ളംകയറിയ അമ്പതോളം വീടുകളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.
കുറിച്ചി പഞ്ചായത്തിലെ പുലിക്കുഴി, മുട്ടത്തുകടവ്, വട്ടന്ചിറമറ്റം, ആനക്കുഴി, ചാണകക്കുഴി, കക്കുഴി പ്രദേശങ്ങള്‍ വെള്ളത്തിലകപ്പെട്ട നിലയിലാണ്. തൃക്കൊടിത്താനം പഞ്ചായത്തിലെ പൊട്ടശേരി, ചെറുവേലി ഭാഗങ്ങളും ഇരൂപ്പാ തോടിന്റെ വശങ്ങളും വെള്ളം കയറിയ നിലയിലാണ്.
താലൂക്കില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 153 പേരെ മാറ്റിപ്പാര്‍പ്പിച്ചു.ക്യാമ്പുകള്‍ക്ക് വെല്‍ഫെയര്‍ ഓഫീസറെ കൂടാതെ ചാര്‍ജ് ഓഫീസര്മാര്ക്കുകൂടി ചുമതല നല്‍കിയതായി തഹസില്‍ദാര്‍ അറിയിച്ചു. നെടുംകുന്നം, ചങ്ങനാശേരി വില്ലേജില്‍ അഞ്ച്, വാഴപ്പള്ളി ഈസ്റ്റ് ഒന്ന്, വെസ്റ്റ് ഒന്ന്, തോട്ടയ്ക്കാട് ഒന്ന്, മാടപ്പള്ളി ഒന്ന്, വാകത്താനം-ഒന്ന്, കുറിച്ചി-ഒന്ന് എന്നിങ്ങനെ 13 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പായയും പുതപ്പും വേണം
ക്യാമ്പുകളില്‍ പായയും പുതപ്പും വേണമെന്ന് വിവിധ ക്യാമ്പുകളിലുള്ളവർ ആവശ്യ പ്പെട്ടു. വെള്ളം കയറിയതിനെത്തുടര്‍ന്ന് വീടുകളില്‍ നിന്നും പായയും പുതപ്പുമൊന്നും ക്യാമ്പുകളിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.സന്നദ്ധ സംഘടനകള്‍ ചാര്‍ജ് ഓഫീസര്‍മാര്‍ വഴി സാധന സാമഗ്രികള്‍ എത്തിച്ചാല്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഉപകാരമായിരിക്കും.