പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യം.
ചട്ടഞ്ചാൽ: വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ഗ്രാന്യൂൾസ് ഉണ്ടാക്കുന്ന ഫാക്ടറിയിൽ സൂക്ഷിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ തീ പെട്ടെന്നു പടരുകയായിരുന്നു.പ്രദേശം മുഴുവനും വലിയ തോതിൽ വിഷപ്പുകയും വ്യാപിച്ചു.
കാസർഗോഡ്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നായി നാലു യൂണിറ്റ് സേനാംഗങ്ങളെത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലത്ത് രണ്ടുമീറ്റർ ആഴത്തിൽ ഗെയിലിന്റെ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നതും ആശങ്കയ്ക്കിടയാക്കി. തീ പൂർണമായും അണച്ചതിനു ശേഷം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പൈപ്പ് ലൈൻ സ്ഥിതിചെയ്യുന്ന ഭാഗത്ത് പരിശോധന നടത്തി.
പൈപ്പ് ലൈനിനെ തീ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. സംഭവസമയത്ത് ഫാക്ടറിയിൽ തൊഴിലാളികളൊന്നുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Tags : Nattuvishesham DistrictNews DeepikaNews plastic factory