ബിനു തോമസ്
പത്തനംതിട്ട: പ്രാര്‍ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന വയോധികയുടെ സ്വര്‍ണമാല അപഹരിച്ചുകടന്ന കേസില്‍ യുവാവ് അറസ്റ്റില്‍. റാന്നി പഴവങ്ങാടി കള്ളിക്കാട്ടില്‍ വീട്ടില്‍ ബിനു തോമസ്(35) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 20ന് രാവിലെ പള്ളിയില്‍ പോയി മടങ്ങി വരികയായിരുന്ന കുമ്പഴ സ്വദേശി കുഞ്ഞമ്മ ഏബ്രഹാമിന്റെ (81) മാലയാണ് ഇയാള്‍ ബൈക്കിലെത്തി പൊട്ടിച്ചത്. മോഷ്ടിച്ചെടുത്ത ബൈക്കുകളില്‍ കറങ്ങിനടന്ന് മാല പൊട്ടിക്കുകയാണ് ഇയാളുടെ രീതി.
ഇത്തവണയും മാവേലിക്കരയില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇയാള്‍ കുമ്പഴയില്‍ എത്തി മാല പൊട്ടിച്ചത്. പ്രതിയെ അന്വേഷിച്ചുവരവേ റാന്നിയില്‍ വച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന സമയത്ത് ഇയാള്‍ അക്രമാസക്തനാവുകയും വിഷം കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തതിനാല്‍ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സ നല്‍കിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ ബിനു തോമസ് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 17 മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പത്തനംതിട്ട സിഐ എ. അരുണ്‍ പറഞ്ഞു.