ജൂനസ്
മല്ലപ്പള്ളി: കീഴ്വായ്പൂരില്‍ വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം സ്വര്‍ണമാല അപഹരിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
കീഴ്വായ്പൂര് വെള്ളിയംപള്ളി സി.എം. ഏലിയാമ്മയുടെ (65) സ്വര്‍ണമാലയാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് അപഹരിച്ചത്.സ്കൂട്ടറില്‍ എത്തി പെട്രോള്‍ വാങ്ങാന്‍ കുപ്പി ഉണ്ടോ എന്നു ചോദിക്കുകയും കുപ്പിയുമായി എത്തിയ ഏലിയാമ്മയുടെ മുഖത്ത് മുളകുപൊടി വിതറി മാല കവരുകയുമായിരുന്നു. വായ്പൂര് സ്വദേശി അബൂബക്കറിന്റെ മകന് ജൂനസിനെ (41) ആണ് സംഭവത്തില്‍ കീഴ്വായ്പൂര് പൊലിസ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലിസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്നു മോഷ്ടിച്ച മാല കണ്ടെടുത്തു. രണ്ടര പവന് തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചത്.
ഭാര്യയുടെ സ്വര്‍ണം പണയം വച്ച് കര്‍ണാടകയില്‍ പണം ഇരട്ടിപ്പിക്കലിന് വേണ്ടി നിക്ഷേപിച്ച നാലു ലക്ഷം രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പണയം തിരിച്ചെടുക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ജൂനസ് പൊലിസിനോടു പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ടി. അനീഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.