ജനപ്രതിനിധികൾ റോഡിന്റെ അളവെടുക്കുന്നു.
നിലന്പൂർ: മന്പാട് ടൗൺ മുതൽ പുളിക്കലോടി ജംഗ്ഷൻ വരെയുള്ള റോഡിന്റെ വീതികൂട്ടൽ നടപടിക്ക് തുടക്കമായി. ഒന്പത് മീറ്റർ വീതിയായിരിക്കും ഇനി റോഡിനുണ്ടാകുക. റോഡിനിരുവശവും ശാസ്ത്രീയ രീതിയിലുള്ള ഡ്രൈനേജും നിർമിക്കും. നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തിയത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡിന് വീതി കുറവായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ വലിയ പ്രയാസമാണ് അനുഭവിച്ചിരുന്നത്.
മന്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാലയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ഈ ഭാഗത്തെ കെട്ടിട ഉടമകൾ, സ്ഥലം ഉടമകൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ റോഡ് വികസനത്തിന് ഭൂമി വിട്ടുനൽകാൻ തയാറായതോടെയാണ് ഏറെ കാലത്തെ റോഡ് വികസനം എന്ന ആവശ്യം യാഥാർഥ്യമായത്. ഡ്രൈനേജ് വിഷയം മൂലം റോഡിലേക്ക് വെള്ളം കയറി യാത്രക്കാർ അനുഭവിച്ചിരുന്ന യാത്രാക്ലേശത്തിന് പരിഹാരമായി ശാസ്ത്രീയ രീതിയിലുള്ള ഡ്രൈനേജും നിർമിക്കും. ഇതോടെ വിദ്യാർഥികൾക്ക് സഞ്ചരിക്കാൻ നടപാതയുമാകും. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും തുടക്കമായി.
എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തൽ തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാല, വൈസ് പ്രസിഡന്റ് നിഷാദ് പാലോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ഷാജി, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റസാഖ്, ശ്രീധരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ അഷറഫ് ടാണ, കെ. സഫീന, മുസ്തഫ നടുവക്കാട്, ഷാജി കുഞ്ഞാറ്റ, ഓമന വർഗീസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Tags : road NattuVishasham DistrictNews