പ്രതീകാത്മക ചിത്രം
തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒരു മാസത്തിനകം ജോയിന്റ് വെരിഫിക്കേഷന് പൂര്‍ത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ കടമ്പകളേറെ. ജില്ലയില്‍ ചില വില്ലേജുകളില്‍ റവന്യു-വനംവകുപ്പ് ജോയിന്റ് വെരിഫിക്കേഷന് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ശേഷിക്കുന്നവയില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജീവനക്കാരുടെ കുറവും വെരിഫിക്കേഷന് നടത്തേണ്ട പ്രദേശത്തിന്റെ വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ റവന്യുവിഭാഗത്തിനാണ് ഇതു കൂടുതല്‍ തലവേദനയായി മാറുന്നത്. വനംവകുപ്പിന് ആവശ്യത്തിന് ജീവനക്കാരും വാഹനസൗകര്യവും ഉള്ളതിനാല്‍ ജോലി കൂടുതല്‍ എളുപ്പമാകും. അതേസമയം റവന്യുവകുപ്പിലെ സ്ഥിതി ഇങ്ങനെയല്ല. ജോയിന്റ് വെരിഫിക്കേഷന് നടത്തേണ്ട പ്രദേശങ്ങളില്‍ വനംവകുപ്പും റവന്യുവകുപ്പും തമ്മില്‍ തര്‍ക്കമില്ലാതെ പ്രശ്നം പരിഹരിക്കപ്പെടുകയാണെങ്കില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും.
എന്നാല്‍ തര്‍ക്കമുള്ള പ്രദേശങ്ങള്‍ സര്‍വേ വിഭാഗം അളന്നുതിട്ടപ്പെടുത്തിവേണം തീര്‍പ്പാക്കാന്‍. ഇതു കാലതാമസത്തിന് കാരണമാകും. ഉടുമ്പന്‍ചോല താലൂക്കില്‍ 1966 മുതല്‍ 1977 വരെയുള്ള കാലയളവില്‍ റവന്യുവിഭാഗം നടത്തിയ സര്‍വേയുടെ രേഖകളുള്ളതിനാല്‍ ഇവിടെ നിലവില്‍ പ്രശ്നങ്ങളില്ല. തൊടുപുഴ താലൂക്കില്‍ വണ്ണപ്പുറം വില്ലേജില്‍ മുണ്ടന്മുടി പ്രദേശത്തെ ജോയിന്റ് വെരിഫിക്കേഷന് നടത്തേണ്ടതുണ്ട്. തൊമ്മന്‍കുത്ത് നാരങ്ങാനത്ത് പള്ളി സ്ഥാപിച്ച കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. കുരിശ് സ്ഥാപിച്ച ഭൂമി വനംവകുപ്പിന്റേതാണെന്നു ചൂണ്ടിക്കാട്ടിയാണ് കുരിശ് വനംവകുപ്പ് പൊളിച്ചുനീക്കിയത്. ചുറ്റുമുള്ള പ്രദേശങ്ങള്‍ ജോയിന്റ് വെരിഫിക്കേഷന് നടത്തിയിട്ടും ഇവിടെ വെരിഫിക്കേഷന് അധികൃതര്‍ തയാറായിട്ടില്ല. ഇത്തരത്തില്‍ തര്‍ക്കമുള്ള നിരവധി പ്രദേശങ്ങളാണ് ജില്ലയിലുള്ളത്. ഇവിടെയെല്ലാം സംയുക്തപരിശോധനയിലൂടെ തര്‍ക്കം പരിഹരിക്കാനായാല്‍ ജോലി എളുപ്പമാകും. വെരിഫിക്കേഷന് പൂര്‍ത്തിയായാലും ഈ ഭൂമിക്ക് പട്ടയം നല്കണമെങ്കില് വീണ്ടും കടമ്പകളേറെയുണ്ട്.
സ്ഥലം അളന്നുതിരിച്ച് പുറമ്പോക്ക്, റോഡ്, തോട്, പാറക്കെട്ട് എന്നിവ ഒഴിവാക്കേണ്ടതുണ്ട്. ഇതു കാലതാമസം നേരിടുന്ന ജോലിയാണ്. അല്ലെങ്കില്‍ ജോയിന്റ് വെരിഫിക്കേഷന് പൂര്‍ത്തിയാകുമ്പോള്‍ കര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം നല്കാന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം, നിലവില്‍ 1993ലെ ചട്ടപ്രകാരമാണ് പട്ടയം നല്‍കിവരുന്നത്. എന്നാല്‍, ഉപാധിരഹിത പട്ടയം ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പൂര്‍ണ അവകാശത്തോടെ ഭൂമി വിനിയോഗിക്കാനാകൂ.
ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തത് ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ തുടര്ഇടപെടലും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടായെങ്കില്‍ മാത്രമേ ജനങ്ങളുടെ പ്രതീക്ഷ സഫലമാകൂ.