പാലാ: ബുള്ളറ്റ് മറിഞ്ഞുണ്ടായ അപകടത്തില്‍ വയറിനുള്പ്പെടെ അതീവ ഗുരുതര പരിക്കേറ്റ വിദേശ വനിത മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഫ്രാന്‍സ് സ്വദേശിനിയായ 56 കാരിയാണ് വിനോദസഞ്ചാരത്തിനായി തേക്കടിയില്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു അപകടം.
കുമളിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം ഉടന്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വാരിയെല്ല് ഒടിഞ്ഞതായും വയറിലെ പ്ലീഹയും പാന്‍ക്രിയാസിന്റെ ഒരു ഭാഗവും തകര്‍ന്നതായും കണ്ടെത്തി. വയറിനുള്ളില്‍ രക്തസ്രാവം ഉണ്ടാകുകയും രക്തസമ്മര്‍ദം താഴ്ന്ന് അപകട നിലയിലുമായിരുന്നു. കൂടാതെ കാലിലും നടുവിനും ഗുരുതര പരിക്കേറ്റിരുന്നു.
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ആന്റണിയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ പ്ലീഹയുടെ രക്തക്കുഴലുകള്‍ ബ്ലോക്ക് ചെയ്ത് രക്തസ്രാവം നിയന്ത്രിച്ചു. തുടര്‍ന്നു സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ.കെ.പി. മഞ്ജുരാജിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി വിദേശ വനിതയെ ജീവിതത്തിലേക്ക് തിരിച്ച് എത്തിക്കുകയായിരുന്നു.
ഗാസ്ട്രോ എന്ററോളജി കണ്‍സള്‍ട്ടന്റുമാരായ ഡോ. എ.ജി. ഹരിശങ്കര്‍, ഡോ. എ.വി. കിരണ്‍നാഥ്, അനസ്തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനു ജനാര്ദനന് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് പി.ബി. രാജീവ്, ന്യൂറോസര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ആര്. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ കാലിലും നടുവിനും ഉണ്ടായ പരിക്കുകള്‍ ഭേദപ്പെടുത്തി. സുഖം പ്രാപിച്ച വിദേശ വനിത ഇന്ന് ഫ്രാന്‍സിലേക്ക് യാത്ര തിരിക്കും.
ചികിത്സാ ടീം അംഗങ്ങള്‍ക്കും ആശുപത്രി മാനേജ്മെന്റിനും നന്ദി അറിയിച്ചാണ് ഫ്രാന്‍സിലേക്കുള്ള മടക്കം.