കുഞ്ഞിമുഹമ്മദ് താന്‍ കഴിച്ച മരുന്നുകളുടെ കവര്ശേഖരവുമായി.
എടക്കര: അപൂര്‍വ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തമായ വസ്തുക്കളുടെ ശേഖരവുമായി ഒരു 73-കാരന്. ചുങ്കത്തറ സ്വദേശിയായ തൊടുവില്‍ കുഞ്ഞിമുഹമ്മദാണ് കഴിഞ്ഞ എട്ട് വര്‍ഷമായി താന്‍ കഴിച്ച മരുന്നുകവറുകളും അപൂര്‍വ വസ്തുക്കളും സൂക്ഷിച്ച് ശ്രദ്ധേയനാകുന്നത്.
ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷമുള്ള മരുന്നുകളുടെയും പ്രമേഹ ഗുളികകളുടെയും കവറുകളാണ് ശേഖരത്തില്‍ പ്രധാനം. സ്വന്തം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളുടെയും ഓര്‍മക്കുറിപ്പുകളായാണ് ഇദ്ദേഹം ഇവയെ കാണുന്നത്. വീട്ടുപരിസരം കിളയ്ക്കുന്നതിനിടെ മണ്ണില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട മരുന്നുകവറുകളാണ് ഇങ്ങനെ ഒരു ശേഖരണത്തിലേക്ക് നയിച്ചത്. പഴയകാല വ്യാപാരിയായിരുന്ന കുഞ്ഞിമുഹമ്മദിന്റെ ശേഖരണ ശീലം മരുന്നുകവറുകളില്‍ മാത്രം ഒതുങ്ങുന്നതല്ല.
സംഗീതപ്രേമിയായ ഇദ്ദേഹത്തിന്റെ പക്കല്‍ പഴയ പാട്ടുപെട്ടിയും ആയിരത്തിലധികം ഓഡിയോ കാസറ്റുകളും സിഡികളും ഉണ്ടായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ കൊണ്ടുപോയതോടെ ഇതില്‍ ഭൂരിഭാഗവും നഷ്ടമായി.
അന്തരിച്ച ആയിരത്തിലധികം ആളുകളുടെ ചിത്രങ്ങള്‍ ഡിജിറ്റലായി ഫ്രെയിം ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നതും മറ്റൊരു കൗതുകമാണ്. ഇതില്‍ പരിചയക്കാരും അല്ലാത്തവരുമുണ്ട്. കണ്ടുമുട്ടിയ മനുഷ്യരോടുള്ള സ്നേഹവും ഓര്‍മകളുമാണ് ഈ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ കാരണമായതെന്ന് കുഞ്ഞിമുഹമ്മദ് പറയുന്നു. ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളില്‍ പോലും ഓര്‍മകളുടെ മൂല്യം കണ്ടെത്തുന്ന ഈ 73-കാരന് നാടിനൊരു കൗതുകക്കാഴ്ചയാണ്.
Tags : Nattuvishesham DistrictNews DeepikaNews Medicine packets