ചേരാകൊക്കന്‍
കല്ലൂപ്പാറ: ശൈത്യത്തിന്റെ വരവറിയിച്ച് എത്തിത്തുടങ്ങിയ ദേശാടനക്കിളികളുടെ ഗണത്തില്‍ ഇത്തവണ വയല്‍ക്കോതി കത്രികക്കിളിയും. ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കുന്നതിന്റെ ഭാഗമായി കല്ലൂപ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പക്ഷികളുടെ കണക്കെടുപ്പിലാണ് പുതിയ അതിഥിയെ കണ്ടെത്തിയത്. വാലിലെ തൂവലുകള്‍ കത്രികപോലെ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഇടങ്ങളില്‍ കാണപ്പെടുന്ന ഈ ദേശാടനക്കിളിയെ പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത പക്ഷി നിരീക്ഷകര്‍ പറഞ്ഞു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി 130 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. കൂടുതല്‍ ഇനങ്ങളുണ്ടാകാമെന്നും അവയേതൊക്കെയെന്ന് മനസിലാക്കാന്‍ ഇനിയും സര്‍വേ നടത്തുമെന്നും സംഘം അറിയിച്ചു.
പ്രമുഖ പക്ഷിനിരീക്ഷകന് ടോണി ആന്റണിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പക്ഷിനിരീക്ഷകരുടെ ഏഴംഗ സംഘമാണ് കണക്കെടുപ്പ് നടത്തിയത്. കല്ലൂപ്പറ പഞ്ചായത്തിലെ വിശാലവും മനോഹരവുമായ വെണ്ണീര്‍വിള പാടശേഖരത്തുനിന്നായിരുന്നു തുടക്കം.
കവിയൂര്‍ പുഞ്ചയുമായി അതിര്‍ത്തി പങ്കിടുന്ന പാടശേഖരത്തിന് നടുവിലൂടെ ഒഴുകുന്ന പനയമ്പാലതോടും സമീപത്തെ കുറ്റിച്ചെടികളുടെ സാന്നിധ്യവും പക്ഷികള്‍ക്ക് ആവാസത്തിന് അനുകൂലമാണ്. ചുണ്ടുകളുടെ സവിശേഷ ആകൃതികൊണ്ട് ശ്രദ്ധേയമായ ചേരാ കൊക്കന്, ശബ്ദത്തിലും അഭിനയത്തിലും മികവ് പുലര്‍ത്തുന്ന തിത്തിരി പക്ഷി എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി.
കൊറ്റി കുടുംബത്തില്‍പ്പെടുന്ന വലിയ പക്ഷിയായ ചേരാ കൊക്കന്റെ മുകളിലത്തെയും താഴത്തെയും ചുണ്ടുകള്‍ പൂര്‍ണമായും അടയാതെ നടുഭാഗത്ത് ഒരുവിടവുണ്ടാകും. ചേരാകൊക്കന്‍ എന്ന പേരു ലഭിക്കാന്‍ കാരണം ഇതാണ്. എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്ന തിത്തിരിപക്ഷി മുട്ടയിടാന്‍ കൂടുകൂട്ടാറില്ല. വഴിയരികിലും വയല്‍വരമ്പിലും മുട്ടയിടുന്ന ഇവ ശത്രു സാന്നിധ്യം മനസിലാക്കിയാല്‍ അവശത ഭാവിച്ച് നടന്നു തുടങ്ങും. ശത്രുവിനെ പ്രലോഭിപ്പിച്ച് പിന്നാലെ കൂട്ടിയ ശേഷം പറന്നകലും. മുട്ടയുടെ അടുത്തുനിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിത്. ഇവറ്റകള്‍ക്കു പുറമേ എണ്‍പതോളം ഇനം കിളികളെയും കണ്ടെത്തിയതായി നിരീക്ഷക സംഘാംഗങ്ങള്‍ പറഞ്ഞു.
പരുന്ത് വര്‍ഗത്തില്‍പ്പെടുന്ന ദേശാടനപക്ഷി വെള്ളക്കറുപ്പന്‍ പരുന്ത്, വെള്ളവാലുകുലുക്കി ഉള്‍പ്പടെയുള്ള വിവിധയിനം വാലുകുലുക്കി പക്ഷികള്‍, പ്രാവുവര്ഗത്തില്പ്പെടുന്ന അമ്പലപ്രാവ്, അരിപ്രാവ്, ഓമനപ്രാവ്, മരതകംപ്രാവ്, കൊക്കുവര്‍ഗത്തില്‍പ്പെട്ട കാടക്കൊക്ക്, ചതുപ്പുകാടക്കൊക്ക്, പുഞ്ചികാടക്കൊക്ക്, കന്യാസ്ത്രീക്കൊക്ക്, വര്‍ണക്കൊക്ക്, വെള്ള അരിവാള്ക്കൊക്ക്, കഷണ്ടിക്കൊക്ക്, പാതിരാക്കൊക്ക്, കുളംകൊക്ക്, ചിന്നമുണ്ടി, തിരമുണ്ടി, പെരുമുണ്ടി, ചാമുണ്ടി, ചായമുണ്ടി എന്നിവയും മയില്‍ക്കോഴി, മഞ്ഞക്കിളി ഉള്‍പ്പടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കണ്ടെത്തിയ ഇനങ്ങളുടെ പട്ടിക നീളുന്നു.
ചെറിയ പാടം, കുഞ്ചരം, അമ്പാട്ടുഭാഗം, തുരുത്തിക്കാട്, ചെറുമത പാടശേഖരങ്ങളിലും കണക്കെടുപ്പ് നടത്തി. വിവിധ പുരയിടങ്ങളിലും പക്ഷികളുടെ സാന്നിധ്യം കണ്ടെത്താനായി. കരിയിലക്കിളി, ഉപ്പന്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ വർധന ഉണ്ടായതായി കണക്കെടുപ്പില്‍ വ്യക്തമായതായി സംഘം അറിയിച്ചു.
അലന് അലക്സ്, ഷിജോ രാജു, ബൊബി ജോണ്‍, ജിബിന്‍ തോമസ്, ജിസ്നി ജോര്‍ജ്, ജൂമി ജോസഫ് എന്നിവരായിരുന്നു സംഘത്തിലെ മറ്റ് അംഗങ്ങള്‍.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റെജി ചാക്കോ, സെക്രട്ടറി വി. രഞ്ജിത്ത്, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ - ഓർഡിനേറ്റര്‍ കാവ്യ, ബിഎംസി അംഗങ്ങളായ ലെജു ഏബ്രഹാം, ഡോ. എ. റോബി എന്നിവരും പങ്കെടുത്തു.
Tags : Migratory birds as guests Migratory birds NattuVishesham DistrictNews