പ്രതീകാത്മക ചിത്രം
കരുവഞ്ചാൽ: പാലക്കയംതട്ട് വിനോദസഞ്ചാര മേഖലയിൽ ചെങ്കുത്തായ ചെരിവുള്ള സ്ഥലത്ത് നടക്കുന്ന റിസോർട്ട് നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ സജീവ് ജോസഫ് നടുവിൽ പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകി.
വലിയ ചെരിവുള്ള സ്ഥലത്ത് റോഡിനോടു ചേർന്നാണ് അഞ്ചു നില കെട്ടിടം പണി പൂർത്തിയായി വരുന്നത്. കൂറ്റൻ കെട്ടിടത്തിന്റെ ചെരിവുള്ള അടിത്തറയുടെ ഭാഗം മണ്ണിടിഞ്ഞ് അപകടനിലയിലാണ്. കൂടാതെ രണ്ട് ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന കൂറ്റൻ ടാങ്കും ഈ കെട്ടിടത്തിനുള്ളിൽ തന്നെ നിർമിച്ചിട്ടുണ്ട്. അഞ്ചാമത്തെ നിലയുടെ മുകളിൽ വലിയ നീന്തൽ കുളത്തിന്റെ നിർമാണവും തകൃതിയാണ്.
പാലക്കയംതട്ട് പോലെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്ത് ഇത്ര വലിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള അനുമതി എങ്ങനെ നേടിയെന്നുള്ളത് വലിയ ദുരൂഹത ഉയർത്തുന്ന കാര്യമാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ ഇടപെടൽ. കൂറ്റൻ കെട്ടിടങ്ങൾ നിർമിക്കുന്നത് പാലക്കയം തട്ടിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നിരിക്കെ കൂറ്റൻ കെട്ടിട നിർമാണത്തിനുള്ള അനുമതി സംബന്ധിച്ച സംശയം ബലപ്പെടുകയാണ്.
പരാതികളെ തുടർന്ന് നടവുൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, അസിസ്റ്റന്റ് എൻജിനിയർ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.