റിവൈവ് പദ്ധതിയുടെ ധാരണാപത്രത്തിന്റെ കൈമാറ്റം
പാലക്കാട്: നിയോജകമണ്ഡലത്തിലെ വൃക്കരോഗം ബാധിച്ച് കിഡ്നി മാറ്റിവയ്ക്കേണ്ട രോഗികൾക്ക് കൈത്താങ്ങായി രമേഷ് പിഷാരടി എംഎൽഎയുടെ സഹായ സാന്ത്വന പദ്ധതി ‘റിവൈവ്’.
കിംസ് അവൈറ്റിസ് ആശുപത്രിയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതു സംബന്ധിച്ച പ്രഖ്യാപനവും ധാരണാപത്രത്തിന്റെ കൈമാറ്റവും പാലക്കാട് പ്രസ്ക്ലബിൽ എംഎൽഎയും ആശുപത്രി അധികൃതരും ചേർന്ന് നടത്തി.
ജില്ലയിൽ ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ നടത്തി വിജയകരമായി പൂർത്തീകരിച്ച ആശുപത്രിയാണ് കിംസ് അവൈറ്റിസ്. ഈ വാർത്ത എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
ജില്ലയിലെ നിരവധി രോഗികൾ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി മറ്റു ജില്ലകളെയും സംസ്ഥാനത്തെയുമാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് എംഎൽഎ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ ഭാഗമായാണ് റിവൈവ് പദ്ധതി ആരംഭിച്ചത്.
ശസ്ത്രക്രിയ നടത്തേണ്ട രോഗികൾക്ക് ജില്ലയിൽതന്നെ അതിനുള്ള സൗകര്യം ഒരുക്കുന്നതിനോടൊപ്പം ശസ്ത്രക്രിയാചെലവും ദാതാവിന്റേയും സ്വീകർത്താവിന്റേയും ചികിത്സാചെലവ് പൂർണമായും സൗജന്യമാണ്.
അഞ്ചുവർഷത്തിനുള്ളിൽ 50 രോഗികൾക്ക് വൃക്കമാറ്റിവയ്ക്കുന്നതിനുള്ള സഹായം അനുവദിക്കുന്നതിനാണ് എംഎൽഎയും ആശുപത്രി അധികൃതരും തമ്മിൽ ധാരണയായത്. രോഗികളുടെ എണ്ണത്തിനനുസരിച്ച് പദ്ധതി വികസിപ്പിക്കുന്നതിനുള്ള ശ്രമവും നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
പാലക്കാട് നിയോജകമണ്ഡലപരിധിയിലെ സ്ഥിര താമസക്കാർക്കാണ് സൗജന്യ പദ്ധതിയുടെ സേവനം ലഭിക്കുക.
എംഎൽഎക്കു പുറമേ കിംസ് കേരള ക്ലസ്റ്റർ ഡയറക്ടർ ആൻഡ് സിഇഒ ഫർഹാൻ യാസിൻ, ജിആർ ചീഫ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ. നാരായണമൂർത്തി, സീനിയർ നെഫ്റോളജിസ്റ്റുമാരായ ഡോ. അനികേത് കാംബ്ലെ, ഡോ. സൂരജ് ശശിധരൻ, ഡോ. ലീന ജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews 'Revive' project