കോതമംഗലത്ത് ഷിബു തെക്കുപുറം എംഎൽഎ 100 ദിന 30 ഇന കർമപരിപാടി പ്രഖ്യാപിക്കുന്നു.
കോതമംഗലം: കോതമംഗലത്ത് ഷിബു തെക്കുപുറം എംഎൽഎ 100 ദിവസത്തേക്ക് 30 ഇന കർമപരിപാടി പ്രഖ്യാപിച്ചു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് 100 ദിന 30 ഇന പദ്ധതികൾ പ്രഖ്യാപിച്ചത്.
ജനസമ്പർക്ക പരിപാടി- മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ച് ജനകീയ പ്രശ്നങ്ങളും പ്രദേശത്തിന്റെ ആവശ്യങ്ങളും മനസിലാക്കി പരിഹാരങ്ങൾക്ക് ശ്രമിക്കും, തങ്കളം - കോഴിപ്പിള്ളി ബൈപാസ് 100 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും.
ചേലാട് സ്റ്റേഡിയം പുനർനിർമാണത്തിന് ഡിപിആർ, നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കും, തങ്കളം- കാക്കനാട് പാതയുടെ പഴയ അലൈൻമെന്റിന് സർക്കാരിൽ നിന്നും അനുമതി വാങ്ങും. എംഎൽഎ ഭവനനിർമാണ പദ്ധതിയിൽ 250 വീടുകൾ നിർമിച്ച് നൽകാനാണ് ലക്ഷ്യമിടുന്നത്. അതിൽ 10 വീടുകളുടെ നിർമാണ ഉദ്ഘാടനം നടത്തി 100 ദിവസത്തിനകം പണികൾ ആരംഭിക്കും.
മണികണ്ഠൻചാൽ പാലം ഡിപിആർ തയാറാക്കി സർക്കാരിന് സമർപ്പിക്കും. ഭൂതത്താൻകെട്ട് പോലീസ് എയ്ഡ്പോസ്റ്റ് പുനഃസ്ഥാപിക്കും. ഭൂതത്താൻകെട്ട് ജലവൈദ്യത പദ്ധതി നിർമാണം പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കും.
നെല്ലിക്കുഴി ഫർണീച്ചറിന് അന്താരാഷ്ട്ര ഭൂസൂചികാ പദവി പ്രഖ്യാപനത്തിന് നടപടിക്രമങ്ങൾ ആരംഭിക്കും. വന്യജീവി ആക്രമണം തടയുന്നതിനുള്ള സമഗ്ര പാക്കേജിന് രൂപം നൽകുന്നതിനുള്ള മാതൃകാ പദ്ധതി. പരിഹാരം തേടി ഹാക്കത്തോണും.
100 ദിവസം കൊണ്ട് 10 കിലോമീറ്റർ ഫെൻസിംഗ് നിർമ്മാണം പൂർത്തീകരിക്കും, ബ്ലൂ സോൺ ആയി കോതമംഗലത്തെ വികസിപ്പിക്കുന്നതിനുള്ള വിശദ പദ്ധതി രേഖ തയാറാക്കും. ഓഗസ്റ്റ് ഒന്നു മുതൽ കർമ പരിപാടികൾക്ക് തുടക്കമാകുമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും എംഎൽഎ അറിയിച്ചു. പത്രസമ്മേളനത്തിൽ എംഎൽഎക്കൊപ്പം യുഡിഎഫ് നേതാക്കളും പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam